
കൊച്ചി: ലഹരിമുക്ത സമൂഹമെന്ന ലക്ഷ്യവുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റിയും കേരള പോലീസും ചേർന്ന് ‘തൂഫാനോണം’ എന്ന പേരിൽ സംയുക്ത ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു (Aster Medcity Kerala Police anti drug campaign). ലഹരി വിതരണം തടയുന്നതിനൊപ്പം തന്നെ ജനങ്ങൾക്കിടയിൽ നിരന്തരമായ ബോധവൽക്കരണത്തിലൂടെ ഇതിന്റെ ആവശ്യകത കുറയ്ക്കേണ്ടതും അനിവാര്യമാണെന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ് പറഞ്ഞു.
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തുന്ന ‘തൂഫാൻ പ്രചാരണ രഥമാണ്’ ഈ കാമ്പയിന്റെ പ്രധാന ആകർഷണം. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ, എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ജി.എച്ച് എന്നിവർ ചേർന്ന് ആസ്റ്റർ മെഡ്സിറ്റിയിൽ നിന്നും രഥം ഫ്ലാഗ് ഓഫ് ചെയ്തു. സ്‌കൂളുകൾ, കോളേജുകൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കടന്നുപോകുന്ന രഥയാത്രയിൽ ആസ്റ്റർ മെഡ്സിറ്റിയിലെ ഡോക്ടർമാരുടെ സേവനവും ബോധവൽക്കരണ ലഘുലേഖ വിതരണവും ലഭ്യമായിരിക്കും.
ചടങ്ങിൽ പങ്കെടുത്തവർ ‘തൂഫാൻ’ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ‘തൂഫാൻ വാരിയർ’ ബാഡ്ജുകൾ സ്വീകരിക്കുകയും ചെയ്തു. ലഹരിവിരുദ്ധ പോരാട്ടത്തിൽ ആസ്റ്റർ മെഡ്സിറ്റിയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി സി.ഇ.ഒ ഡോ. നളന്ദ ജയദേവ് വ്യക്തമാക്കി. ചടങ്ങിൽ ആസ്റ്റർ മെഡ്സിറ്റി സി.ഒ.ഒ ഡോ. ഷുഹൈബ് ഖാദർ, സി.എം.എസ് ഡോ. ദിലീപ് പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.
Story Summary:
Kochi Aster Medcity joined hands with the Kerala Police to launch ‘Toofanonom’, an anti-drug awareness campaign featuring a mobile rally vehicle across Ernakulam district.




