
ബീജിങ്: കിഴക്കൻ ചൈനയിലെ ജിന്റാങ് (China Jintang underwater rail tunnel) അന്തർവാഹിനി അതിവേഗ റെയിൽ തുരങ്കത്തിൽ കഠിനമായ 104 ഷീൽഡ് കട്ടിങ് ടൂളുകളുടെ പരിശോധനയും മാറ്റിസ്ഥാപിക്കലും വിജയകരമായി പൂർത്തിയാക്കി. ഉയർന്ന ജലസമ്മർദ്ദത്തെ അതിജീവിച്ച് 21 ദിവസത്തിനുള്ളിലാണ് തൊഴിലാളികൾ ഈ നിർണ്ണായക ജോലി പൂർത്തിയാക്കിയത്. ഷെജാങ് പ്രവിശ്യയിലുള്ള നിങ്ബോ-ഷൗഷാൻ (Ningbo-Zhoushan) റെയിൽവേയുടെ ഭാഗമായ ഈ പാത, കടലിനടിയിലൂടെയുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ അതിവേഗ റെയിൽ പാതയാണ്.
നിങ്ബോയെയും ഷൗഷാൻ ദ്വീപുകളെയും ബന്ധിപ്പിക്കുന്ന ഈ റെയിൽവേ ലൈൻ യാഥാർത്ഥ്യമാകുന്നതോടെ, നിലവിലെ 1.5 മുതൽ 2 മണിക്കൂർ വരെയുള്ള യാത്രാസമയം വെറും 26 മിനിറ്റായി കുറയും. ആകെ 16.18 കിലോമീറ്റർ ദൈർഘ്യമുള്ള ജിന്റാങ് തുരങ്കത്തിൽ 11.21 കിലോമീറ്ററോളം ഷീൽഡ് വിഭാഗമാണ്. സമുദ്രനിരപ്പിൽ നിന്ന് 92 മീറ്റർ താഴെ 8.5 ബാർ മർദ്ദം അനുഭവപ്പെടുന്ന അതീവ അപകടകരമായ സാഹചര്യത്തിലായിരുന്നു റീപ്ലേസ്മെന്റ് ജോലികൾ നടന്നത്.
ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അത്യാധുനിക ‘ഹൈപ്പർ ബോറിക് സംവിധാനം’ ഉപയോഗിച്ചാണ് ഷീൽഡ് കട്ടിങ് ടൂളുകൾ മാറ്റി സ്ഥാപിച്ചത്. പരമ്പരാഗത രീതികളിൽ 40 മുതൽ 60 മിനിറ്റ് വരെ മാത്രം ജോലി ചെയ്യാൻ സാധിച്ചിരുന്ന സ്ഥാനത്ത് ഈ പുതിയ സംവിധാനം വഴി തൊഴിലാളികൾക്ക് എട്ട് മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യാൻ സാധിച്ചു. തുരങ്ക നിർമ്മാണത്തിന്റെ 80 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. 2028-ഓടെ ഈ അതിവേഗ റെയിൽ തുരങ്കം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
Story Summary:
China successfully replaced 104 shield cutting tools 92 meters underwater under high pressure for the Jintang Subsea Tunnel, the world’s longest underwater high-speed rail tunnel, expected to open in 2028.




