
തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ കുടുംബങ്ങൾക്ക് സാമ്പത്തിക ആശ്വാസമേകി ‘സമ്പാദ്യ സമാശ്വാസ പദ്ധതി’യുടെ രണ്ടാം ഗഡുവായ 20 കോടി രൂപ സർക്കാർ അനുവദിച്ചു. പ്രകൃതിദുരന്തങ്ങൾ, പ്രതികൂല കാലാവസ്ഥ, ട്രോളിംഗ് നിരോധനം എന്നിവ മൂലം തൊഴിൽ നഷ്ടപ്പെടുന്ന സജീവ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനായി നടപ്പ് സാമ്പത്തിക വർഷം ആകെ 62.463 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയിട്ടുള്ളത്. ഇതിൽ കേന്ദ്ര-സംസ്ഥാന വിഹിതങ്ങളായി 10 കോടി രൂപ വീതം ഉൾപ്പെടുത്തിയാണ് നിലവിലെ 20 കോടി രൂപ വിനിയോഗിക്കുന്നത്. മൂന്നാം ഗഡു അടുത്ത മാസത്തോടെ അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മത്സ്യബന്ധനം സാധ്യമല്ലാത്ത പഞ്ഞമാസങ്ങളിലും തീരദേശ നിവാസികളുടെ പ്രാഥമിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ പറഞ്ഞു. അർഹരായ മുഴുവൻ ഗുണഭോക്താക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക കൈമാറുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
The post മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം! സമ്പാദ്യ സമാശ്വാസ പദ്ധതിക്ക് 20 കോടി രൂപ കൂടി അനുവദിച്ചു appeared first on Express Kerala.




