
സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ. ആറുമാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കുമെന്നും ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലും ഒരു ആശുപത്രിയിൽ വീതം സേവനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ സ്പെഷ്യാലിറ്റി സേവനങ്ങളാണ് മുഴുവൻ സമയവും ലഭ്യമാക്കുക. ഇതോടെ വീടിനടുത്തുള്ള സർക്കാർ ആശുപത്രികളിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. (24 hour specialty services Kerala)
ജില്ലാ, ജനറൽ ആശുപത്രികളിൽ രാത്രികാല ചികിത്സയും ശസ്ത്രക്രിയാ സേവനങ്ങളും കാര്യക്ഷമമാകുന്നതോടെ മെഡിക്കൽ കോളേജുകളിലെ അമിതമായ തിരക്ക് കുറയ്ക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ഘട്ടംഘട്ടമായി കൂടുതൽ ആശുപത്രികളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. രോഗികൾക്ക് ചികിത്സ, മരുന്ന്, കിടക്ക എന്നിവ അവകാശമായി ഉറപ്പാക്കുന്ന രോഗീസൗഹൃദ ആശുപത്രികൾ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സ്പെഷ്യാലിറ്റി സേവനങ്ങൾ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ഏകോപനത്തിനായി ആരോഗ്യവകുപ്പ് അഡ്മിനിസ്ട്രേഷൻ ആൻഡ് ട്രെയിനിംഗ് വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. ഷിനു കെ.എസിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. ആശുപത്രികളിലെ നിലവിലെ സൗകര്യങ്ങൾ വിലയിരുത്തി ആവശ്യമായ മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ ജീവനക്കാരെ കൃത്യമായി വിന്യസിക്കും. അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി പദ്ധതി സമയബന്ധിതമായി നടപ്പാക്കാനാണ് തീരുമാനം.
Summary: The Kerala government plans to introduce 24-hour specialty treatment services at district and general hospitals within six months. The initiative will initially cover one hospital in each district and include medicine, surgery, orthopaedics, paediatrics and gynaecology services.




