
മലയാളത്തിന്റെ വിസ്മയം മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ചന്ദ്രോത്സവം’ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച് രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം പുതിയ സാങ്കേതിക മികവോടെ 4കെ (4K) ദൃശ്യമിഴിവിലാണ് തിയറ്ററുകളിൽ റീ-റിലീസ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി.
2005 ഏപ്രിൽ 14ന് വിഷു റിലീസായി തിയറ്ററുകളിലെത്തിയ ‘ചന്ദ്രോത്സവം’ വലിയ ബോക്സ്ഓഫിസ് വിജയവും പ്രേക്ഷകപ്രീതിയും നേടിയ ചിത്രമാണ്. മീന, ഖുശ്ബു, സംവൃത സുനിൽ, ലാൽ, ജഗദീഷ്, കൊച്ചിൻ ഹനീഫ, സംഗീത സംവിധായകൻ വി. ദക്ഷിണാമൂർത്തി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിലെ ശ്രീഹരിയുടെയും ഇന്ദുലേഖയുടെയും പ്രണയവും സൗഹൃദവും വൈകാരിക നിമിഷങ്ങളുമെല്ലാം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഓർമ്മകളാണ്.
Also Read:പ്രണവിന്റെ യാത്രകൾക്ക് പ്ലാനില്ല; വൺവേ ടിക്കറ്റെടുത്താണ് പോക്ക്, വെളിപ്പെടുത്തി സുചിത്ര മോഹൻലാൽ
ആ പ്രിയപ്പെട്ട കഥാപാത്രങ്ങളെയും ഗാനങ്ങളെയും പുതിയ തലമുറ പ്രേക്ഷകർക്കും വലിയ സ്ക്രീനിൽ അനുഭവിച്ചറിയാൻ ഈ റീ-റിലീസ് അവസരമൊരുക്കും. റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.
The post ശ്രീഹരിയും ഇന്ദുലേഖയും തിരിച്ചെത്തുന്നു; മോഹൻലാൽ ചിത്രം ‘ചന്ദ്രോത്സവം’ 4കെ റി-റിലീസിനൊരുങ്ങുന്നു appeared first on Express Kerala.




