കരുവാറ്റ കൊലപാതകം: പ്രതികൾ പിടിയിൽ, പക്ഷേ പോലീസിന് കൈകെട്ടി നിൽക്കേണ്ടിവരുന്നു! നിർണായക തെളിവായി 5 സി.സി.ടി.വി. ദൃശ്യങ്ങൾ

കരുവാറ്റ കൊലപാതകം: പ്രതികൾ പിടിയിൽ, പക്ഷേ പോലീസിന് കൈകെട്ടി നിൽക്കേണ്ടിവരുന്നു! നിർണായക തെളിവായി 5 സി.സി.ടി.വി. ദൃശ്യങ്ങൾ

ഹരിപ്പാട്: പ്രതികളെ പിടികൂടി, നാലരപ്പവൻ സ്വർണം കണ്ടെത്തിയിട്ടും കരുവാറ്റ കൊലപാതകത്തിലെ അന്വേഷണം പോലീസിന് മുന്നിൽ വലിയ നിയമക്കുരുക്കായി മാറുന്നു. പെൺകുട്ടിയുൾപ്പെടെ കൗമാരക്കാർ ആസൂത്രണം ചെയ്ത് വയോധികനെ കൊലപ്പെടുത്തിയ കേസിൽ, കുറ്റാരോപിതർ പ്രായപൂർത്തിയാകാത്തവരായതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനോ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനോ പോലീസിന് കഴിഞ്ഞിട്ടില്ല. അപൂർവവും സങ്കീർണവുമായ കേസായതിനാൽ മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കരുവാറ്റയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (65) കഴിഞ്ഞ 15-ന് രാത്രിയാണ് കൊല്ലപ്പെട്ടത്. 17-ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് 24 മണിക്കൂറിനകം കുറ്റാരോപിതരെ പോലീസ് പിടികൂടുകയും മോഷ്ടിച്ച നാലരപ്പവൻ സ്വർണം കണ്ടെത്തുകയും ചെയ്തു. എന്നാൽ, കുറ്റാരോപിതർ പ്രായപൂർത്തിയാകാത്തവരായതിനാൽ ഒരാഴ്ച പിന്നിട്ടിട്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യലും സംഭവസ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പും നടത്താനായിട്ടില്ല. ആശയവിനിമയത്തിനായി പ്രത്യേകം സിം കാർഡ് എടുത്തതടക്കമുള്ള കാര്യങ്ങൾ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയായിരുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

ALSO READ;ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ, കണ്ടെത്തിയത് വീടിന്റെ പലഭാഗങ്ങളിൽ! ഞെട്ടിച്ച് നാലംഗ കുടുംബത്തിന്റെ കൂട്ടക്കൊല

അതേസമയം, കുറ്റാരോപിതരുടെ യാത്ര വ്യക്തമാക്കുന്ന അഞ്ച് സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽനിന്നുള്ളതാണ് ആദ്യ ദൃശ്യം. നഗരത്തിലെ കെ.എസ്.ആർ.ടി.സി. ജങ്ഷനിൽനിന്നുള്ള ദൃശ്യവും ലഭിച്ചിട്ടുണ്ട്. കരുവാറ്റയിലെ ശിവൻകുട്ടി ചെട്ടിയാർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്ക് പ്രതികൾ നടന്നുപോകുന്നതിന്റെ രണ്ട് ദൃശ്യങ്ങൾ സമീപത്തെ വീടുകളിലെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. കൊലപാതകത്തിനും മോഷണത്തിനും ശേഷം മടങ്ങിപ്പോകുന്നതിന്റെ ദൃശ്യവും പോലീസിന് ലഭിച്ചു. ഹരിപ്പാട്ടെത്തി വീട്ടിൽ കയറിയതും പിന്നീട് മടങ്ങിയതും വ്യക്തമാക്കുന്ന ഈ ദൃശ്യങ്ങൾ കേസിലെ നിർണായക ഡിജിറ്റൽ തെളിവുകളാണ്. പ്രതികൾ സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചിട്ടുണ്ട്.

16നും 18നും മധ്യേ പ്രായമുള്ളവർ കൊലപാതകക്കേസിൽ ഉൾപ്പെട്ടാൽ അവരെ മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമോ എന്നത് ജുവനൈൽ ജസ്റ്റിസ് ബോർഡാണ് തീരുമാനിക്കുക. കരുവാറ്റ കേസിലെ മൂന്ന് കൗമാരക്കാരെ ഈ രീതിയിൽ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ബോർഡിനെ സമീപിച്ചിട്ടുണ്ട്. മുതിർന്നവർ പ്രതികളായ കേസുകളിൽ സാധാരണയായി അറസ്റ്റ്, ആയുധങ്ങളും തൊണ്ടിമുതലും കണ്ടെത്തൽ, ശാസ്ത്രീയ തെളിവുശേഖരണം എന്നിവയിലൂടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമ്പോൾ, ഈ കേസിലെ നിയമപരമായ നിയന്ത്രണങ്ങൾ അന്വേഷണത്തിന്റെ ഓരോ ഘട്ടവും സങ്കീർണമാക്കുകയാണ്. ലഭിച്ച ഡിജിറ്റൽ തെളിവുകളും മറ്റ് ശാസ്ത്രീയ തെളിവുകളും കൂട്ടിച്ചേർത്ത് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പോലീസിന്റെ ശ്രമം.

See also  ഇമ്രാൻ ഖാന്റെ ആരോഗ്യ നിലയിൽ ആശങ്ക: പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് കപിൽ ദേവും ഗവാസ്കറുമടക്കം 21 മുൻ ക്യാപ്റ്റൻമാർ | Imran Khan health news

The post കരുവാറ്റ കൊലപാതകം: പ്രതികൾ പിടിയിൽ, പക്ഷേ പോലീസിന് കൈകെട്ടി നിൽക്കേണ്ടിവരുന്നു! നിർണായക തെളിവായി 5 സി.സി.ടി.വി. ദൃശ്യങ്ങൾ appeared first on Express Kerala.

Spread the love
Scroll to Top