ടെഹ്റാൻ: മുകളിലൂടെ നോക്കിയാൽ സാധാരണ ഭൂമി, പക്ഷേ അതിനടിയിൽ ബാലിസ്റ്റിക് മിസൈലുകളുടെ വലിയ ശേഖരം. അമേരിക്കയുമായുള്ള ചർച്ചകൾ അനിശ്ചിതമായി തുടരുന്നതിനിടെ ഇറാൻ പുറത്തുവിട്ട ഭൂഗർഭ മിസൈൽ കേന്ദ്രങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇറാൻ ഈ ഭൂഗർഭ ആയുധ സമുച്ചയങ്ങളെ ‘മിസൈൽ സിറ്റികൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇറാൻ സായുധസേനാ മേധാവി മേജർ ജനറൽ അലി അബ്ദൊല്ലാഹി ഇത്തരമൊരു ഭൂഗർഭ മിസൈൽ കേന്ദ്രം സന്ദർശിക്കുന്നതും വീഡിയോയിൽ കാണാം.
കെയ്ബർ ഷെകൻ, ഖദർ, സെജ്ജിൽ ഉൾപ്പെടെയുള്ള ബാലിസ്റ്റിക് മിസൈലുകൾ ഇത്തരം ഭൂഗർഭ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്നതായി ഇറാൻ വ്യക്തമാക്കുന്നു. സന്ദർശനത്തിനിടെ ആയുധ ഉൽപ്പാദനം വർധിച്ചതായും പുതിയ സംവിധാനങ്ങൾ കൂടുതൽ ശേഷിയുള്ളവയാണെന്നും അവ കൂടുതൽ എണ്ണത്തിൽ നിർമിക്കുന്നുണ്ടെന്നും ഇറാൻ അവകാശപ്പെടുന്നു. ഭൂഗർഭ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ ആയുധശേഖരവും മിസൈൽ സംവിധാനങ്ങളും പുറംലോകത്തിന്റെ നിരീക്ഷണത്തിൽനിന്ന് സംരക്ഷിക്കാനുള്ള ശേഷിയാണ് ഇറാൻ പ്രദർശിപ്പിക്കുന്നത്. ഇറാൻ നേരത്തെയും ഇത്തരം ഭൂഗർഭ മിസൈൽ ശൃംഖലകൾ പുറത്തുകാട്ടിയിട്ടുണ്ട്.
ALSO READ;പ്രസിഡന്റിന് ‘രാജാവിനെപ്പോലുള്ള അധികാരങ്ങൾ’..! ട്രംപ് തിരഞ്ഞെടുപ്പ് ‘പിടിച്ചെടുക്കുമോ’? അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ എന്ത് സംഭവിക്കും?
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടിനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനവും ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്. തമ്മിലുണ്ടായിരുന്ന വെടിനിർത്തൽ ധാരണ അന്തിമ കരാറിലെത്താതെ കാലഹരണപ്പെട്ടതായാണ് റിപ്പോർട്ട്. ധാരണ ലംഘിച്ചുവെന്ന ആരോപണം ഇരുപക്ഷവും പരസ്പരം ഉന്നയിക്കുകയും ചെയ്തു. അതിനിടെയാണ് ഇറാൻ തന്റെ മിസൈൽ ഉൽപ്പാദനശേഷിയും ഭൂഗർഭ ആയുധകേന്ദ്രങ്ങളും വീണ്ടും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്.
അതിനാൽ തന്നെ ഈ സന്ദർശനം ഒരു സാധാരണ സൈനിക പരിശോധനയേക്കാൾ വലിയ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. ചർച്ചകൾ മുടങ്ങിയാലും മിസൈൽ ശേഷി നിലനിൽക്കുന്നുവെന്നും പുതിയ ആയുധ സംവിധാനങ്ങൾ കൂടുതൽ ശക്തമായും വലിയ തോതിലും നിർമിക്കുന്നുവെന്നുമുള്ള സൂചനയാണ് ഇറാൻ നൽകുന്നത്. ഭൂമിക്കടിയിലെ ഈ ‘മിസൈൽ നഗരങ്ങൾ’ എത്രത്തോളം സജീവമാണെന്നും അവയുടെ യഥാർഥ ശേഷി എത്രയാണെന്നും വ്യക്തമാകേണ്ടതുണ്ടെങ്കിലും, ഇപ്പോഴത്തെ പ്രദർശനം അമേരിക്ക–ഇറാൻ സംഘർഷത്തിലെ സൈനിക സമ്മർദം വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുകയാണ്.
The post ശത്രുവിന്റെ ഉള്ളൊന്ന് പിടക്കും, കണ്ടാൽ കിടുകിടാ വിറക്കും..! ഭൂമിക്കടിയിൽ ‘മിസൈൽ നഗരങ്ങൾ’; ഇറാന്റെ രഹസ്യ ആയുധശേഖരം പുറത്തുകാട്ടി സൈനിക മേധാവി appeared first on Express Kerala.




