‘പിരമിഡ്’ ഒക്കെ എന്ത്..! 1800 പേർ ചേർന്ന് 396 ടൺ കോട്ട നീക്കുന്നു; ഭ്രാന്തല്ല, ഇതാണ് സൂപ്പർ ജാപ്പനീസുകൾ

‘പിരമിഡ്’ ഒക്കെ എന്ത്..! 1800 പേർ ചേർന്ന് 396 ടൺ കോട്ട നീക്കുന്നു; ഭ്രാന്തല്ല, ഇതാണ് സൂപ്പർ ജാപ്പനീസുകൾ

രു കെട്ടിടം മാറ്റാൻ സാധാരണയായി ക്രെയിനും യന്ത്രങ്ങളും വേണ്ടിവരും. എന്നാൽ ജപ്പാനിൽ 396 ടൺ ഭാരമുള്ള ഹിരോസാക്കി കോട്ട നീക്കിയത് 1800 പേരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ്. ഭൂകമ്പത്തെ തുടർന്ന് പുനരുദ്ധാരണത്തിനായി മാറ്റിയ കോട്ടയെ പഴയ സ്ഥാനത്തേക്ക് തിരിച്ചെത്തിക്കാനാണ് പുരാതന ‘ഹികിയ’ സാങ്കേതികവിദ്യ ഉപയോഗിച്ച് രണ്ടുമീറ്ററിലധികം നീക്കിയത്. ഇതിന്റെ ഭാഗമാകാൻ ഏകദേശം 8000 പേരാണ് അപേക്ഷിച്ചത്. ലഭ്യമായ 1800 സീറ്റുകളിലേക്ക് നാലിരട്ടിയോളം അപേക്ഷകളെത്തിയതായി ഹിരോസാക്കി സിറ്റി അധികൃതർ അറിയിച്ചു. ജപ്പാനിൽനിന്ന് മാത്രമല്ല, തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുമുള്ളവരും പങ്കെടുക്കാൻ എത്തിയിരുന്നു.

കെട്ടിടങ്ങൾ പൊളിച്ചുമാറ്റാതെ റോളറുകളിൽ സ്ഥാപിച്ച് പതുക്കെ നീക്കുന്ന രീതിയാണ് ‘ഹികിയ’. പുരാതനകാലം മുതൽ ജപ്പാനിൽ നിലനിന്നിരുന്ന ഈ കെട്ടിടമാറ്റ സാങ്കേതികവിദ്യയാണ് ചരിത്രപ്രാധാന്യമുള്ള കോട്ട സംരക്ഷിക്കാൻ ഉപയോഗിച്ചത്. 2015ൽ കോട്ടയുടെ അറ്റത്ത് നിന്ന് ഏകദേശം 78 മീറ്റർ അകലേക്ക് ഇത് മാറ്റിയിരുന്നു. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായുള്ള ഈ നീക്കം പൗരന്മാരുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ നടത്തിയ ആദ്യ ഹികിയ പ്രവർത്തനമായിരുന്നു. 2024ൽ പുനർനിർമാണം പൂർത്തിയായപ്പോൾ കോട്ടയിലെ 2185 കല്ലുകളും അവയുടെ യഥാർത്ഥ സ്ഥാനങ്ങളിൽ തന്നെ പുനഃക്രമീകരിച്ചു.

ALSO READ;‘ഭയം’ വീട്ടിൽ കിടുന്നുറങ്ങാൻ പോലും..! ചീഞ്ഞളിഞ്ഞ നിലയിൽ കിട്ടിയത് ഇരുന്നൂറിലധികം മൃതദേഹങ്ങൾ, തെളിവില്ലന്ന് പൊലീസും

ഇപ്പോൾ കോട്ടയെ പഴയ സ്ഥാനത്തേക്ക് തിരിച്ചെത്തിക്കുന്നതിനായി 30 മീറ്റർ നീളമുള്ള കയറുകളിൽ 80 പേർ വീതമുള്ള സംഘങ്ങളായി തിരിഞ്ഞാണ് ആളുകൾ വലിക്കുന്നത്. ‘സോ-റെ, സോ-റെ’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് സംഘങ്ങൾ മാറിമാറി കയർ വലിക്കുമ്പോൾ കോട്ട പതുക്കെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നു. ഓഗസ്റ്റ് അവസാനം വരെ ഈ പ്രവർത്തനം തുടരും. ആകെ 4100 പേരെ ഉപയോഗിച്ച് കോട്ടയെ അഞ്ച് മീറ്റർ വരെ നീക്കാനാണ് പദ്ധതി. ശേഷിക്കുന്ന 73 മീറ്റർ യന്ത്രസഹായത്തോടെ വർഷാവസാനത്തോടെ പൂർത്തിയാക്കും.

ജപ്പാനിൽ അവശേഷിക്കുന്ന 12 ചരിത്രകോട്ടകളിലൊന്നാണ് ഹിരോസാക്കി കോട്ട. സുകരൂ വംശത്തിന്റെ ആസ്ഥാനമായിരുന്ന കോട്ട 1611ലാണ് പൂർത്തിയായത്. 1627ൽ മിന്നലേറ്റ് വെടിമരുന്ന് സംഭരണശാലയ്ക്ക് തീപിടിച്ചതിനെ തുടർന്ന് കോട്ട കത്തിനശിച്ചു. പിന്നീട് 1810ൽ പുനർനിർമിച്ചു. ഇന്ന് ജപ്പാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹിരോസാക്കി കോട്ട ചെറിപ്പൂക്കാലത്ത് മാത്രം ഏകദേശം 20 ലക്ഷം സന്ദർശകരെ ആകർഷിക്കുന്നു. ചരിത്രസ്മാരകം സംരക്ഷിക്കുന്നതിനൊപ്പം ആയിരക്കണക്കിന് ആളുകളെ ഒരുമിപ്പിച്ച ഈ അപൂർവ കൂട്ടായ്മയാണ് ഇപ്പോൾ ജപ്പാനിൽ ശ്രദ്ധ നേടുന്നത്.

See also  9 വർഷത്തിന് ശേഷം കാണാതായ തത്തയെ തിരികെ കിട്ടി; കണ്ടെത്തിയത് IKEA പാർക്കിംഗ് ലോട്ടിൽ | Parrot Found After 9 Years

The post ‘പിരമിഡ്’ ഒക്കെ എന്ത്..! 1800 പേർ ചേർന്ന് 396 ടൺ കോട്ട നീക്കുന്നു; ഭ്രാന്തല്ല, ഇതാണ് സൂപ്പർ ജാപ്പനീസുകൾ appeared first on Express Kerala.

Spread the love
Scroll to Top