ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ നിന്ന് തന്നെ പുറത്താക്കാൻ ബിജെപിക്കുള്ളിൽ ഗൂഢാലോചന നടക്കുന്നതായി ഗുരുതര ആരോപണവുമായി കേന്ദ്ര ഗോത്രവർഗ കാര്യ മന്ത്രി ജുവൽ ഓറം. തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നവരെ രൂക്ഷമായി വിമർശിച്ച മന്ത്രി, തന്നെ തകർക്കാൻ ശ്രമിച്ചാൽ അവരുടെ കൈ വെട്ടി ദൂരെയെറിയാനുള്ള കരുത്ത് തനിക്കുണ്ടെന്നും ഭീഷണി മുഴക്കി. മറ്റ് പാർട്ടികളിൽനിന്ന് ബിജെപിയിലെത്തിയ ചില നേതാക്കളാണ് തനിക്കെതിരായ അപകീർത്തിപ്പെടുത്തൽ പ്രചാരണത്തിന് പിന്നിലെന്നും ഓറം ആരോപിച്ചു.
പാർട്ടിക്കായി ചോരയും നീരും ഒഴുക്കിയ തന്റെ സ്ഥാനം ഇല്ലാതാക്കാനാണ് ഇവരുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു. വിഷയം ബിജെപിയുടെ ഒഡീഷ സംഘടനാ ജനറൽ സെക്രട്ടറി മാനസ് മൊഹന്തിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ നീതി ലഭിച്ചില്ലെങ്കിൽ കേന്ദ്ര നേതൃത്വത്തെ സമീപിക്കുമെന്നും ഓറം വ്യക്തമാക്കി. ഇനി നേരിട്ടുള്ള തിരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന മുൻ നിലപാട് തിരുത്തിയ മന്ത്രി, തനിക്കെതിരെ പ്രവർത്തിക്കുന്നവരെ രാഷ്ട്രീയമായി നേരിടുമെന്നും തന്നെ തകർക്കാൻ ശ്രമിക്കുന്നവരെ ഇല്ലാതാക്കുമെന്നും വെല്ലുവിളിച്ചു.
ALSO READ;ആയുധമെടുപ്പിക്കുമോ..! ‘മക്ക പാക്ട്’ പാകിസ്ഥാനെ തളർത്തുമോ? ഇന്ത്യാ അതിർത്തിയിൽ സൈനിക സമ്മർദം കൂടുന്നു
ആയുധങ്ങളും വെടിക്കോപ്പുകളുമായി അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്ത ഏഴ് പേർക്ക് സർക്യൂട്ട് ഹൗസിൽ മുറികൾ ബുക്ക് ചെയ്ത സംഭവത്തിൽ ജുവൽ ഓറത്തിന്റെ അടുത്ത അനുയായിയായ പ്രകാശ് പസ്വാനെ റൂർക്കേല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ആരോപണം. സംഭവത്തിൽ ന്യായമായതും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് ഓറം ആവശ്യപ്പെട്ടിരുന്നു. അതേസമയം, മന്ത്രിയുടെ രൂക്ഷമായ ആരോപണങ്ങളോട് ബിജെപി ഒഡീഷ ഘടകം ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാജ്യത്തെ പ്രമുഖ ഗോത്രവർഗ നേതാക്കളിലൊരാളായ ജുവൽ ഓറം ഒഡീഷയിലെ സുന്ദർഗഡ് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്. ഒഡീഷയിലെ ദരിദ്ര ഗോത്രവർഗ കുടുംബത്തിൽ ജനിച്ച അദ്ദേഹം ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ ജോലി ചെയ്തിരുന്നു. പാർട്ടിക്കുള്ളിലെ ഗൂഢാലോചന ആരോപണവും രൂക്ഷമായ പരാമർശങ്ങളും ബിജെപിയുടെ ഒഡീഷ ഘടകത്തിൽ ഇനി എങ്ങനെ പ്രതിഫലിക്കുമെന്നാണ് ശ്രദ്ധേയമാകുന്നത്.
The post ‘തകർക്കാൻ ശ്രമിച്ചാൽ കൈ വെട്ടും..! പുറത്താക്കാൻ ബിജെപിക്കുള്ളിൽ നീക്കം; കേന്ദ്രമന്ത്രിയുടെ രൂക്ഷ വിമർശനം appeared first on Express Kerala.




