
പട്ന: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ബിഹാറിൽ ആശങ്ക ശക്തമാകുന്നു (Nepal flash flood Bihar flood alert). നേപ്പാളിൽ നിന്നുള്ള മഴവെള്ളവും പ്രളയജലവും ഒഴുകിയെത്തുന്നതോടെ സംസ്ഥാനത്തെ പ്രധാന നദികളിലെ ജലനിരപ്പ് ഉയരുകയാണ്. ഗംഗ, ഗണ്ഡക്, കോസി, ബുർഹി ഗണ്ഡക് തുടങ്ങിയ നദികളിൽ പല ഭാഗങ്ങളിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തിയതായി റിപ്പോർട്ടുകളുണ്ട്.
അപ്രതീക്ഷിതമായി വെള്ളപ്പൊക്കം ശക്തമായതിനെ തുടർന്ന് ഗണ്ഡക് നദിയിലെ ജലനിരപ്പും ഉയർന്നു. ഇതേത്തുടർന്ന് വാൽമീകിനഗർ ബാരേജിന്റെ 36 ഷട്ടറുകളും തുറന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ബാരേജിൽനിന്ന് ഏകദേശം 1.02 ലക്ഷം ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിട്ടത്.
നേപ്പാളിൽ വീണ്ടും പ്രളയസാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ബിഹാറിന് പുറമെ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. പ്രളയജലം എത്താനുള്ള സാധ്യത കണക്കിലെടുത്ത് ഉത്തർപ്രദേശിലും ജാഗ്രത തുടരുന്നു.
അതേസമയം, ഉത്തരാഖണ്ഡിലെ 13 ഹിമതടാകങ്ങളിലും അപകടസാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കാൻ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 579 ആയി ഉയർന്നതായാണ് റിപ്പോർട്ട്. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനവും സഹായ പ്രവർത്തനങ്ങളും തുടരുകയാണ്.
അതിനിടെ, ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ മൂന്നാമത്തെ വിമാനം കഠ്മണ്ഡുവിലേക്ക് പുറപ്പെട്ടു. ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തിനൊപ്പം ടണൽ രക്ഷാപ്രവർത്തനത്തിൽ വിദഗ്ധരായ സംഘവും വിമാനത്തിലുണ്ട്.
Story Summary: Flash floods in Nepal have raised flood concerns in Bihar as water levels in the Ganga, Gandak, Kosi and Burhi Gandak rivers remain high. Authorities have opened all 36 gates of the Valmiki Nagar barrage, while India continues rescue and relief operations in Nepal.




