September 2, 2026

‘മനഃപൂർവമല്ല, മാനസിക സമ്മർദത്തിനിടെ സംഭവിച്ച അബദ്ധം’; അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് പെൺകുട്ടി | Palarivattom Athapookkalam

‘മനഃപൂർവമല്ല, മാനസിക സമ്മർദത്തിനിടെ സംഭവിച്ച അബദ്ധം’; അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് പെൺകുട്ടി | Palarivattom Athapookkalam
Palarivattom Athapookkalam

കൊച്ചി: പാലാരിവട്ടത്ത് ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പെൺകുട്ടി. ജോലി സംബന്ധമായ നിരാശയും മാനസിക സമ്മർദവും അനുഭവപ്പെട്ടിരുന്ന സമയത്ത് അറിയാതെ പൂക്കളത്തിൽ കാലുതട്ടിയതാണെന്നും മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പെൺകുട്ടി വിശദീകരിച്ചു (Palarivattom Athapookkalam). എറണാകുളം പാലാരിവട്ടം മെട്രോ പില്ലർ 545ന് സമീപമുള്ള ‘മൈഥിലി’ കെട്ടിടത്തിന് മുന്നിലാണ് സംഭവം നടന്നത്. കെട്ടിടത്തിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ ചേർന്ന് ഉത്രാടനാളിൽ ഒരുക്കിയ അത്തപ്പൂക്കളമാണ് പെൺകുട്ടി തട്ടിത്തെറിപ്പിച്ചത്. ജീവനക്കാർ ഉച്ചഭക്ഷണത്തിനായി പോയ സമയത്തായിരുന്നു സംഭവം.

പൂക്കളം അലങ്കോലപ്പെടുത്തുന്ന ദൃശ്യങ്ങൾ കെട്ടിടത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ പ്രതിഷേധവും ശക്തമായി. തുടർന്ന് പാലാരിവട്ടം പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ (BNS) 192-ാം വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് പെൺകുട്ടി വിശദീകരണവുമായി നേരിട്ട് രംഗത്തെത്തിയത്. സംഭവം മനഃപൂർവം ചെയ്തതല്ലെന്നും മാനസിക സമ്മർദത്തിനിടെ സംഭവിച്ച അബദ്ധമാണെന്നും അവർ പറഞ്ഞു. സംഭവത്തെ തുടർന്ന് ഉണ്ടായ വിവാദത്തിൽ വിഷമമുണ്ടെന്നും താൻ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കി.

ഹിന്ദു സമൂഹത്തോടും മറ്റെല്ലാവരോടും മാപ്പ് ചോദിക്കുന്നതായും താനും ഒരു മലയാളിയാണെന്നും പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ തനിക്കൊപ്പം ഉണ്ടായിരുന്ന മാതാവിന് യാതൊരു പങ്കുമില്ലെന്നും തെറ്റ് പൂർണമായും തന്റെ ഭാഗത്തുനിന്നാണ് സംഭവിച്ചതെന്നും അവർ വിശദീകരിച്ചു. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പെൺകുട്ടിയുടെ വിശദീകരണവും മാപ്പപേക്ഷയും പൊലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.

Summary: A young woman has expressed regret after allegedly trampling an Onam floral carpet in Palarivattom, Kochi. She said the incident happened unintentionally while she was under mental stress and that she had no intention of hurting religious sentiments.

See also  മെസി വിവാദത്തിൽ പ്രത്യേക ടീം; മഹേശന്റെ മരണത്തിൽ എന്തുകൊണ്ട് മൗനം ?
Spread the love