
കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറും അഭിനേതാവുമായ കണ്ണൻ പട്ടാമ്പി (കണ്ണൻ രവി) അന്തരിച്ചു. പ്രമുഖ നടനും സംവിധായകനുമായ മേജർ രവിയുടെ സഹോദരനാണ്. ഇന്നലെ രാത്രി 11.41-ഓടെയായിരുന്നു അന്ത്യം. വിയോഗ വാർത്ത മേജർ രവി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. “എന്റെ പ്രിയ സഹോദരൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു” എന്ന കുറിപ്പോടെയാണ് അദ്ദേഹം വിവരം അറിയിച്ചത്.
മലയാള സിനിമയുടെ തിരശ്ശീലയ്ക്ക് പിന്നിലും മുന്നിലും ഒരുപോലെ സജീവമായിരുന്നു കണ്ണൻ പട്ടാമ്പി. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ‘പുലിമുരുകൻ’, ‘ഒടിയൻ’, ‘കീർത്തിചക്ര’, ‘അനന്തഭദ്രം’, ‘വെട്ടം’, ’12th മാൻ’ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നടൻ എന്നതിലുപരി, സിനിമാ നിർമ്മാണത്തിന്റെ നട്ടെല്ലായ പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിലാണ് അദ്ദേഹം ഇൻഡസ്ട്രിയിൽ കൂടുതൽ അറിയപ്പെട്ടിരുന്നത്.
ഷാജി കൈലാസ്, സന്തോഷ് ശിവൻ, വി.കെ. പ്രകാശ് തുടങ്ങിയ പ്രഗത്ഭരായ സംവിധായകരുടെ സ്ഥിരം സാങ്കേതിക പ്രവർത്തകനായിരുന്നു ഇദ്ദേഹം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. കണ്ണൻ പട്ടാമ്പിയുടെ വിയോഗത്തിൽ സിനിമാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. പട്ടാമ്പി ഞാങ്ങാട്ടിരിയിലുള്ള അദ്ദേഹത്തിന്റെ കുടുംബവീട്ടിൽ ഇന്ന് വൈകിട്ട് നാലുമണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും.
The post മലയാള സിനിമയ്ക്ക് വേദനയായി കണ്ണൻ പട്ടാമ്പിയുടെ വിയോഗം; സംസ്കാരം ഇന്ന് പട്ടാമ്പിയിൽ appeared first on Express Kerala.



