ഭാര്യ പരാതി പറയാൻ പോലീസ് സ്റ്റേഷനിലെത്തി, പിന്നാലെ എത്തിയ ഭർത്താവിന്റെ കയ്യിൽ എംഡിഎംഎ..!


ഭർത്താവിന്റെ മർദനം സഹിക്കാനാകാതെ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ ഭാര്യയെ പിന്തുടർന്ന് എത്തിയ ഭർത്താവിന്റെ പക്കൽനിന്ന് എംഡിഎംഎ പിടികൂടി. ആറ്റിങ്ങൽ കോരാണി കെ.കെ. ഭവനിൽ സനൽകുമാർ (51) ആണ് ചാത്തന്നൂർ പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ഭാര്യയുടെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും സനൽകുമാർ ഭാര്യയെ ക്രൂരമായി മർദിക്കുകയുമായിരുന്നു.
മർദനത്തിൽ പരിക്കേറ്റ യുവതി ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോയെങ്കിലും സനൽകുമാർ പിന്നാലെ എത്തി. ഇയാൾ പിന്തുടരുന്നത് കണ്ട യുവതി ഓട്ടോറിക്ഷയിൽ ചാത്തന്നൂർ പോലീസ് സ്റ്റേഷനിലെത്തി. പിന്നാലെ ബൈക്കിലെത്തിയ സനൽകുമാർ സ്റ്റേഷൻ വളപ്പിൽവെച്ച് വാഹനവുമായി മറിഞ്ഞുവീണു. സംശയം തോന്നിയ പോലീസ് ഇയാളെ തടഞ്ഞുനിർത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.
ALSO READ:ഇന്ത്യൻ അതിർത്തികൾ വളച്ചൊടിച്ചു? പുതിയ യുഎൻ ഭൂപടത്തിൽ അരുണാചൽ പ്രദേശിന്റെയും അക്സായി ചിന്നിന്റെയും ചിത്രീകരണം ശ്രദ്ധ ആകർഷിച്ചത് എന്തുകൊണ്ട്?
ഒൻപത് ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 1.1 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കൽനിന്ന് പിടികൂടിയത്. സംഭവത്തിൽ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത പോലീസ് സനൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം മർദനമേറ്റ ഭാര്യയെ ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അറസ്റ്റിലായ സനൽകുമാറിനെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു.
The post ഭാര്യ പരാതി പറയാൻ പോലീസ് സ്റ്റേഷനിലെത്തി, പിന്നാലെ എത്തിയ ഭർത്താവിന്റെ കയ്യിൽ എംഡിഎംഎ..! appeared first on Express Kerala.

