September 9, 2026

രണ്ട് മണ്ഡലങ്ങളിൽ ദളപതിക്ക് നിർണായക പരീക്ഷ; ടിവികെ തൂത്തുവാരിയാൽ തമിഴ്നാട് രാഷ്ട്രീയം വീണ്ടും മാറും

രണ്ട് മണ്ഡലങ്ങളിൽ ദളപതിക്ക് നിർണായക പരീക്ഷ; ടിവികെ തൂത്തുവാരിയാൽ തമിഴ്നാട് രാഷ്ട്രീയം വീണ്ടും മാറും

മിഴ്നാട് രാഷ്‌ട്രീയത്തിൽ, പ്രതിപക്ഷത്തിൻ്റെ ഭാവി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ് രണ്ട് ഉപതിരഞ്ഞെടുപ്പുകളിലൂടെ ഇപ്പോൾ നടക്കാൻ പോകുന്നത്. അണ്ണാ ഡിഎംകെയുടെ സിറ്റിംങ് സീറ്റായിരുന്ന മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ രാജിവച്ച് ടിവികെയിൽ ചേർന്ന പശ്ചാത്തലത്തിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നിരിക്കുന്നത്.

രാജിവച്ചു പാർട്ടിയിൽ ചേർന്ന ഈ രണ്ടു നേതാക്കളെയും ടിവികെ ബാനറിൽ മത്സരിപ്പിക്കാനാണ് വിജയ് യുടെ തീരുമാനം. വൻ ഭൂരിപക്ഷത്തോടെ ഇവരെ വിജയിപ്പിക്കാൻ രണ്ടിടത്തും പ്രചരണം നയിക്കാൻ പോകുന്നതും, ദളപതി വിജയ് തന്നെ ആയിരിക്കും.

അത്തരം ഒരു വിജയം ടിവികെയ്ക്ക് സാധ്യമായാൽ , അണ്ണാഡിഎംകെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കൂടുതൽ എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഇതിനകം തന്നെ രാജിവച്ച മറ്റ് 5 അണ്ണാ ഡി എം കെ എംഎൽഎമാരുടെ രാജി നിയമ പ്രശ്നത്തിൽ തട്ടി നിൽക്കുന്നതു കൊണ്ട് മാത്രമാണ് അവിടങ്ങളിൽ ഉപതിരഞെടുപ്പ് നടക്കാതിരിക്കുന്നത്. അധികം താമസിയാതെ ഈ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കാൻ തന്നെയാണ് സാധ്യത.

നിലവിലെ സാഹചര്യത്തിൽ, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും ടിവികെ വിജയിക്കാനാണ് സാധ്യത. ടിവികെയെ പരാജയപ്പെടുത്താൻ, അണ്ണാ ഡിഎംകെ സ്ഥാനാർത്ഥികളെ ഡിഎംകെ പിന്തുണച്ചാൽ പോലും, വിജയ് നയിക്കുന്ന ടിവികെയെ പരാജയപ്പെടുത്തുക എളുപ്പമല്ല.

രണ്ട് ദ്രാവിഡ പാർട്ടികൾ ചേർന്നാൽ, ടിവികെയ്ക്ക് അല്ലേ ബുദ്ധിമുട്ടാകുക ? പിന്നെ എങ്ങനെ വിജയിക്കുമെന്ന ചോദ്യം ചില രാഷ്‌ട്രീയ നിരീക്ഷകർ ചോദിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കണക്കുകളും, മാധ്യമങ്ങളുടെ പ്രവചനവും കണ്ടാൽ, അങ്ങനെയൊക്കെ തോന്നും. എന്നാൽ റിയാലിറ്റി അതല്ല എന്നതാണ് വാസ്‌തവം. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധുരാന്തകത്ത്, കഴിഞ്ഞ പൊതു തിരഞെടുപ്പിൽ, അണ്ണാഡിഎംകെ ടിക്കറ്റിൽ മത്സരിച്ച മരഗതം കുമരവേൽ 7 , 194 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടിവികെ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയിരുന്നത്. മരഗതത്തിന് 69,284 വോട്ടു ലഭിച്ചപ്പോൾ ടിവികെ സ്ഥാനാർഥി 62,090 വോട്ടും, ഡിഎംകെ സ്ഥാനാർഥി 59,838 വോട്ടുമാണ് നേടിയിരുന്നത്. ഈ കണക്കുകൾ പ്രകാരം, അണ്ണാഡിഎംകെ, ഡിഎംകെ രഹസ്യ ധാരണയുണ്ടായാൽ ഭരണകക്ഷിക്കു പരാജയ സാധ്യതയുണ്ട്.

See also  ഡോക്ടറും എൻജിനീയറും പിന്നോട്ട്? എഐ തരംഗത്തിൽ ദക്ഷിണ കൊറിയയിൽ വിവാഹ സങ്കൽപ്പങ്ങളും മാറുന്നു

അതുപോലെ തന്നെ, പതിനാറായിരത്തിലധികം വോട്ടിന് ഡിഎംകെ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ പി.സത്യഭാമ രാജിവച്ച ഒഴിവിലാണ് ധാരാപുരത്ത് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. 81,100 വോട്ട് സത്യഭാമയ്ക്കും 64,373 വോട്ട് ഡിഎംകെക്കും കിട്ടിയപ്പോൾ മൂന്നാം സ്ഥാനത്തെത്തിയ ടിവികെ സ്ഥാനാർഥിക്ക് ഇവിടെ 46,438 വോട്ടുകൾ മാത്രമാണ് നേടാനായിരുന്നത്. ഇവിടെയും കണക്കുകൾ ടിവികെയ്ക്ക് എതിരാണ്.

എന്നാൽ, എല്ലാ കണക്ക് കൂട്ടലുകളും തെറ്റിക്കാൻ ശേഷിയുള്ള വിജയ് എന്ന മുഖ്യമന്ത്രി ടിവികെയുടെ പട നയിക്കുമ്പോൾ, അതൊരു കൊടുങ്കാറ്റായി ആഞ്ഞടിച്ച് , പ്രതിപക്ഷത്തെ അടപടലം പിഴുതെറിയാൻ തന്നെയാണ് സാധ്യത.

ഇത്തവണ, രണ്ട് മണ്ഡലങ്ങളിലും പ്രചരണം നടത്താൻ, ഒരു തടസ്സവും വിജയ് ക്ക് ഇല്ലാത്തതിനാൽ മുക്കിലും മൂലയിലും സ്ഥാനാർത്ഥിക്ക് ഒപ്പം വിജയ് എത്തി വോട്ട് ചോദിക്കും. ഇതൊരു തരംഗമായി പടരാൻ പിന്നെ അധിക സമയമൊന്നും വേണ്ടി വരില്ല.

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിൽ 25 ഇടത്ത് പോലും പ്രചരണത്തിന് എത്താൻ വിജയ് എന്ന രാഷ്‌ട്രീയ നേതാവിന് സാധിച്ചിരുന്നില്ല എന്നതും, ഈ ഘട്ടത്തിൽ നമ്മൾ ഓർക്കണം. എന്നിട്ട് പോലും, ഒറ്റയ്ക്ക് മത്സരിച്ച ടിവികെയ്ക്ക് 108 മണ്ഡലങ്ങളിൽ വിജയിക്കാൻ സാധിച്ചിട്ടുണ്ട്. സാക്ഷാൽ , എം കെ സ്റ്റാലിനെ പോലും ടിവികെ പരാജയപ്പെടുത്തിയതും ഈ തിരഞ്ഞെടുപ്പിലാണ്. അതുകൊണ്ട് ഉപതിരഞ്ഞെടുപ്പ് എവിടെ നടന്നാലും ദളപതി എഫക്ട് ഉറപ്പാണ്.

കഴിഞ്ഞ 100 ദിവസത്തെ ഭരണം കൊണ്ട് തന്നെ, മികച്ച ഒരു സർക്കാറാണ് ടി വികെ സർക്കാർ എന്ന ബോധ്യം തമിഴ്നാട്ടിലെ ജനങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. ഇതും തീർച്ചയായും ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിക്കാൻ തന്നെയാണ് സാധ്യത.

ഏറ്റവും ഒടുവിൽ, തമിഴ്നാട് നിയമസഭയിലും, മുഖ്യമന്ത്രിയുടെ താണ്ഡവത്തിൽ പ്രതിപക്ഷ എം എൽ എമാർ പകച്ച് പോയതും, രാജ്യം കണ്ട വേറിട്ടൊരുകാഴ്ചയാണ്.

വിജയ് ഇങ്ങനെ ഒരു പ്രകടനം നിയമസഭയിൽ കാഴ്ചവയ്ക്കുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. സിനിമയെ വെല്ലുന്ന മാസ് ഡയലോഗോട് കൂടിയാണ് ഡിഎംകെയെ വിജയ് ശരിക്കും കടന്നാക്രമിച്ചിരിക്കുന്നത്. ആക്രമണ ശൈലിയിലേക്ക് വിജയ് പോകുന്നു എന്നതിൻ്റെ സൂചന കൂടിയാണത്.

See also  “ഇത് ഞങ്ങളുടെ ശക്തിയുടെ ഒരു ഭാഗം മാത്രം”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ

ഡിഎംകെ കാലത്ത് പാര്‍ട്ടി ഫണ്ടിന്റെ പേരില്‍ നടന്നത് വന്‍ അഴിമതിയാണ് എന്നാണ് മുഖ്യമന്ത്രി വിജയ് സഭയിൽ തുറന്നടിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ശരീരഭാഷയും, വളരെ കടുപ്പമായിരുന്നു.

മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലില്‍, പ്രതിപക്ഷ നേതാവ് ഉദനിധി സ്റ്റാലിൻ, മുന്‍ മന്ത്രി സെന്തില്‍ ബാലാജി എന്നിവര്‍ക്കെതിരെ ആണ് , പ്രധാനമായും വിജയ് ആഞ്ഞടിച്ചിരിക്കുന്നത്. രേഖകൾ ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഒരു ആരോപണം മുഖ്യമന്ത്രി സഭയിൽ ഉന്നയിച്ചിരിക്കുന്നത്.

കൂടാതെ, മുന്‍ മുഖ്യമന്ത്രി കരുണാനിധി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടിൽ തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും, അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുന്‍ ഡിഎംകെ ഭരണകാലത്ത് അഴിമതി നടന്നതായി വിജയ് ചൂണ്ടിക്കാട്ടിയ മൂന്ന് വകുപ്പുകളിലെ ഫയലുകള്‍ തുറന്നുപരിശോധിക്കാന്‍ ഡിഎംകെ നേതൃത്വം അദ്ദേഹത്തെ വെല്ലുവിളിച്ചിരുന്നു. ഇതാണ് വിജയ് യെ പ്രകോപിപ്പിച്ചിരുന്നത്.

ഈ ഫയലുകൾ തുറക്കുന്നതിന് മുന്‍പ്, 1988-ല്‍ ഡിഎംകെ സര്‍ക്കാരിന്റെ കാലത്തുണ്ടായ അഴിമതിയെക്കുറിച്ചുള്ള സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിക്കാന്‍ ആഗ്രഹിക്കുന്നു, എന്ന് പറഞ്ഞു കൊണ്ടാണ് ഡിഎംകെയെ മുഖ്യമന്ത്രി കടന്നാക്രമിച്ചിരിക്കുന്നത്.

സിനിമയിലെ സൂപ്പർ ഹീറോ, രാഷ്‌ട്രീയത്തിലും സൂപ്പർ ഹീറോ ആയി ഇങ്ങനെ വെട്ടിതിളങ്ങുമ്പോൾ, മാറി മറിയുന്നത് ഇപ്പോൾ തമിഴ്നാട് രാഷ്‌ട്രീയ ചരിത്രം കൂടിയാണ്. പ്രതിപക്ഷത്തിൻ്റെ ചങ്കിടിപ്പിക്കുന്നതും ഈ യാഥാർത്ഥ്യം തന്നെയാണ്.

ഈ ഒരു സാഹചര്യത്തിൽ, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിൽ വിജയിക്കാൻ ടിവികെയ്ക്ക് കഴിഞ്ഞാൽ, അണ്ണാ ഡിഎംകെ മാത്രമല്ല, സാക്ഷാൽ ഡിഎംകെ പോലും പിളരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

EXPRESS VIEW

The post രണ്ട് മണ്ഡലങ്ങളിൽ ദളപതിക്ക് നിർണായക പരീക്ഷ; ടിവികെ തൂത്തുവാരിയാൽ തമിഴ്നാട് രാഷ്ട്രീയം വീണ്ടും മാറും appeared first on Express Kerala.

Spread the love