തീവ്ര ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും: കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തീരദേശ ജില്ലകളിൽ റെഡ് അലർട്ട് | Kerala Weather Update

Current: മലയാളം

തിരുവനന്തപുരം: കേരളത്തിൽ സെപ്റ്റംബർ 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കുകിഴക്കൻ മധ്യപ്രദേശിനും വടക്കൻ ഛത്തീസ്ഗഢിനും മുകളിലായി രൂപപ്പെട്ട തീവ്ര ന്യൂനമർദവും, തെക്കൻ തായ്ലൻഡിനും മ്യാൻമറിനും മുകളിലുള്ള ചക്രവാതച്ചുഴിയുമാണ് മഴയ്ക്ക് കാരണം. സെപ്റ്റംബർ 28 മുതൽ 30 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറിൽ 30-40 കി.മീ വേഗത) കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.(Kerala Weather Update Rain Alert Swell Waves Red Alert Issued)
അതേസമയം, കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാന തീരത്ത് സെപ്റ്റംബർ 28 പുലർച്ചെ 2.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും ‘കള്ളക്കടൽ’ പ്രതിഭാസത്തിനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം (കാപ്പിൽ – പൊഴിയൂർ), കൊല്ലം (ആലപ്പാട് – ഇടവ), ആലപ്പുഴ (ചെല്ലാനം – അഴീക്കൽ ജെട്ടി), എറണാകുളം (മുനമ്പം – മറുവക്കാട്), തൃശൂർ (ആറ്റുപുറം – കൊടുങ്ങല്ലൂർ), മലപ്പുറം (കടലുണ്ടി നഗരം – പാലപ്പെട്ടി), കോഴിക്കോട് (ചോമ്പാല – രാമനാട്ടുകര), കണ്ണൂർ (വളപട്ടണം – ന്യൂ മാഹി), കാസറഗോഡ് (കുഞ്ചത്തൂർ – കോട്ടക്കുന്ന്) എന്നീ തീരപ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണം. തമിഴ്നാട്, കന്യാകുമാരി, ലക്ഷദ്വീപ് തീരങ്ങളിലും ഉയർന്ന തിരമാല മുന്നറിയിപ്പുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക. തിരമാല ശക്തിപ്പെടുന്ന സമയത്ത് ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കുക. മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ കൂട്ടിയിടിക്കാത്ത വിധം സുരക്ഷിതമായ അകലത്തിൽ കെട്ടിയിടുക.
Story Summary
The Central Meteorological Department has predicted light to moderate rainfall in Kerala from September 26 to 30, accompanied by thunderstorms and gusty winds from September 28. INCOIS has issued a Red Alert for all coastal districts in Kerala due to the risk of swell waves and sea erosion until September 28.




