KSRTCക്ക് പുതിയ ബസുകൾ വാങ്ങാൻ MLA ഫണ്ട് ഉപയോഗിക്കാം: സർക്കാർ ഉത്തരവിറങ്ങി | Kerala Government

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസുകൾ വാങ്ങുന്നതിന് എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ട് വിനിയോഗിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. പുതിയ നിർദേശപ്രകാരം ഒരു നിയമസഭാ മണ്ഡലത്തിൽ നിന്ന് പരമാവധി മൂന്ന് ബസുകൾ വരെ വാങ്ങുന്നതിനായി ഫണ്ട് അനുവദിക്കാം.(Kerala Government Allows MLA Fund For Purchasing New KSRTC Buses)
ഇത്തരത്തിൽ വാങ്ങുന്ന ബസുകൾ അതത് മണ്ഡലങ്ങളിലെ യാത്രാവശ്യങ്ങൾക്കായിരിക്കും പ്രാഥമികമായി സർവീസ് നടത്തുക. ബസുകളുടെ സീറ്റിങ് കപ്പാസിറ്റി, ബോഡി ടൈപ്പ്, ഇന്ധന ഇനം എന്നിവ കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുമായി ചർച്ച ചെയ്ത ശേഷം എം.എൽ.എമാർക്ക് തീരുമാനിക്കാവുന്നതാണ്.
പദ്ധതി വേഗത്തിൽ നടപ്പിലാക്കുന്നതിനായി കൃത്യമായ സമയക്രമവും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. നികുതിയും രജിസ്ട്രേഷൻ നിരക്കുകളും ഉൾപ്പെടെ ഒരു ബസിന് ആവശ്യമായ തുക വ്യക്തമാക്കുന്ന പട്ടിക സെപ്റ്റംബർ 30-നകം കെ.എസ്.ആർ.ടി.സി സി.എം.ഡി എം.എൽ.എമാർക്ക് നൽകണം. തുടർന്ന്, തങ്ങളുടെ വിഹിതം അനുവദിച്ച് കൊണ്ടുള്ള നിർദേശം ഒക്ടോബർ 15-നകം എം.എൽ.എമാർ ജില്ലാ കളക്ടർമാർക്ക് നൽകണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
Story Summary
The Kerala government has issued an order allowing MLAs to utilize their Asset Development Fund to procure new buses for the KSRTC. Under the new guidelines, up to three buses can be bought per constituency, with route priority given to local commuters in those respective areas.




