ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും പതനം ആരംഭിച്ചെന്ന് എം.എ. ബേബി | M A Baby

Current: മലയാളം

ന്യൂഡൽഹി: ഇന്ത്യയിൽ ശക്തമായ ബഹുജന പ്രസ്ഥാനം രൂപപ്പെടേണ്ട കാലഘട്ടമാണിതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം.എ. ബേബി (M A Baby). ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പതനം ആരംഭിച്ചുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സിപിഐ എം സംഘടിപ്പിക്കുന്ന ഇ.ഡി വിരുദ്ധ പ്രതിഷേധ പരിപാടിയിലേക്ക് അരവിന്ദ് കെജ്‌രിവാളിനെ ഔദ്യോഗികമായി ക്ഷണിച്ചതായും എം.എ. ബേബി പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ കെജ്‌രിവാളിന് നേരിട്ട് പങ്കെടുക്കാൻ കഴിയില്ല. പകരം മുതിർന്ന നേതാവ് മനീഷ് സിസോദിയ പ്രതിഷേധത്തിൽ പങ്കെടുക്കും. പരിപാടിയിൽ വായിക്കുന്നതിനായി കെജ്‌രിവാളിന്റെ സന്ദേശം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ പകുതിയോടെയാണ് കേരളത്തിലെ പ്രതിഷേധ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള ബന്ധത്തിൽ വന്ന മാറ്റങ്ങൾ പുതിയ രാഷ്ട്രീയ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അതിന്റെ ഭാഗമായാണ് കത്തയച്ചതെന്നും എം.എ. ബേബി പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും എം.എ. ബേബി ആരോപണം ഉന്നയിച്ചു. ബിജെപിക്ക് വേണ്ടി ഗ്യാനേഷ് കുമാർ “കരാർ പണി” ചെയ്യുകയാണെന്നും ആഭ്യന്തരവകുപ്പിൽ ഉദ്യോഗസ്ഥനായിരിക്കുമ്പോൾ തന്നെ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
Story Summary: CPI(M) general secretary M. A. Baby said India is at a stage where a strong mass movement is needed. After meeting AAP national convenor Arvind Kejriwal, he said Kejriwal had been invited to a CPI(M) protest in Kerala but would be represented by senior leader Manish Sisodia due to prior engagements.




