കേന്ദ്രമന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും രാജിവച്ച് എൽ മുരുകൻ. മടക്കം തമിഴ്നാട്ടിൽ പാർട്ടി പ്രവർത്തനം സജീവമാക്കാൻ. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് സൂചന. ദീപാവലിക്ക് മുൻപ് പ്രഖ്യാപനമുണ്ടായേക്കും. ബിട്ടുവിനും ജോർജ് കുര്യനും പിന്നാലെ ഒഴിവുകൾ വർദ്ധിക്കുന്നു

Current: മലയാളം

ന്യൂഡൽഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ്, പാർലമെന്ററി കാര്യവകുപ്പ് സഹമന്ത്രി എൽ. മുരുകൻ കേന്ദ്ര മന്ത്രിസഭയിൽനിന്നും രാജ്യസഭാംഗത്വത്തിൽനിന്നും രാജിെവച്ചു.
തമിഴ്നാട്ടിൽ ബി.ജെ.പിയുടെ സംഘടനയെ താഴേത്തട്ടിൽ ശക്തിപ്പെടുത്തുന്നതിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭാ ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്നും രാജ്യസഭാംഗത്വം രാജിവെക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിരുന്നു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭാരതത്തെയും തമിഴ്നാടിനെയും സേവിക്കാൻ അവസരം ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്ന് എൽ. മുരുകൻ സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചു.
ഒരു സാധാരണ ദിവസവേതനക്കാരന്റെ മകനായ തനിക്ക് കേന്ദ്ര മന്ത്രിസഭയിൽ അംഗമാകാൻ കഴിഞ്ഞത് വലിയ പദവിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുരുകന്റെ രാജിയോടെ കേന്ദ്ര മന്ത്രിസഭയിൽ ഉടൻ വലിയ അഴിച്ചുപണി നടക്കുമെന്ന അഭ്യൂഹം ശക്തമായി. ദീപാവലിക്ക് മുൻപായി പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രിസഭയിൽ നിലവിൽ ആറോളം ഒഴിവുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ, രാജ്യസഭാ കാലാവധി പൂർത്തിയായതിനെ തുടർന്ന് കേന്ദ്രമന്ത്രിമാരായ രവ്നീത് സിങ് ബിട്ടുവും ജോർജ് കുര്യനും മന്ത്രിസ്ഥാനം ഒഴിഞ്ഞിരുന്നു.
കൂടാതെ രാജ്യസഭാ കാലാവധി അവസാനിച്ച മുതിർന്ന മന്ത്രിമാരായ ഹർദീപ് സിങ് പുരി, ബി.എൽ. വർമ്മ എന്നിവർക്ക് പാർട്ടി വീണ്ടും രാജ്യസഭാ അവസരം നൽകിയിരുന്നില്ല.
ഇതിനുപുറമെ, ഡൽഹി ബി.ജെ.പി അധ്യക്ഷനായി നിയമിതനായ കേന്ദ്ര സഹമന്ത്രി ഹർഷ് മൽഹോത്രയ്ക്കും പാർട്ടിയുടെ ‘ഒരാൾക്ക് ഒരു പദവി’ എന്ന നയത്തിന്റെ ഭാഗമായി മന്ത്രിസഭയിൽനിന്ന് ഒഴിയേണ്ടിവരും.
മോദി സർക്കാരിന്റെ മൂന്നാം ഊഴം ആരംഭിച്ച് രണ്ടര വർഷം പിന്നിടുമ്പോൾ ആദ്യമായി നടക്കുന്ന ഈ പുനഃസംഘടനയിൽ പുതിയ മുഖങ്ങൾ മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.






