എ.സി റോഡ് പുനര് നിര്മാണത്തില് ജുഡീഷ്യല് അന്വേഷണം വേണം. നടന്നതു കോടികളുടെ അഴിമതികള്. വെള്ളം കയറില്ലെന്ന പ്രഖ്യാപനത്തോടെ, 800 കോടിയിലധികം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. കഴിഞ്ഞ വെള്ളപ്പൊക്കത്തില് തന്നെ ഈ വാദം പൊളിഞ്ഞിരുന്നു. റോഡ് നിര്മ്മാണത്തിലെ സാമ്പത്തിക അപാകതകളും സി.എ.ജി റിപ്പോര്ട്ടില് എടുത്തുപറയുന്നുണ്ടെന്നും അന്വേഷണം അനിവാര്യമാണെന്നും ആവശ്യം.

Current: മലയാളം

കോട്ടയം: ആലപ്പുഴ – ചങ്ങനാശേരി റോഡിന്റെ നിലവാരം ഉയര്ത്തുന്നതുമായി ബന്ധപ്പെട്ട പദ്ധതി ആസൂത്രണത്തിലും നടത്തിപ്പിലും കേരള റോഡ് ഫണ്ട് ബോര്ഡിന്റെ (കെ.ആര്.എഫ്.ബി) ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളുണ്ടായതായി കണ്ട്രോളര് ആന്ഡ് ഓഡിറ്റര് ജനറലിന്റെ (സി.എ.ജി) റിപ്പോര്ട്ടിന്റെ പശ്ചാത്തലത്തില് ജുഡീഷ്യല് അന്വേഷണം വേണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു.
സി.എ.ജി കണ്ടെത്തിയതിനേക്കാള് വലിയ അഴിമതിയാണ് നിര്മ്മാണത്തില് നടന്നിട്ടുള്ളത്. 2018-ലെ പ്രളയത്തിന് സമാനമായ സാഹചര്യമുണ്ടായാല് പോലും വെള്ളം കയറില്ലെന്ന പ്രഖ്യാപനത്തോടെ, 800 കോടിയിലധികം രൂപ ചെലവഴിച്ചാണു റോഡ് നവീകരിച്ചത്.
എന്നാല് കഴിഞ്ഞ വെള്ളപ്പൊക്കത്തില് മനയ്ക്കച്ചിറ, പൂവം, കിടങ്ങറ തുടങ്ങിയ ഭാഗങ്ങളില് വെള്ളം കയറി ഗതാഗതം പൂര്ണ്ണമായി തടസപ്പെട്ടിരുന്നു. റോഡിന് ആവശ്യമായ പൊക്കം നല്കിയില്ലെന്നും വീതി അനാവശ്യമായി കുറച്ചെന്നുമാണു പ്രധാന ആക്ഷേപം. നിര്മ്മാണ വേളയില് ട്രാഫിക് മാനേജ്മെന്റ് ലംഘിച്ച്, അടച്ചുകെട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവൃത്തികള് നടത്തിയതെന്നും വിമര്ശനമുണ്ട്.
സമയത്തിന് നിര്മ്മാണം തീര്ക്കാത്തത് മൂലം സംസ്ഥാന ഖജനാവിന് 21.33 കോടി രൂപയുടെ അധികച്ചെലവുണ്ടായി. കൃത്യമായ സാധ്യതാ പഠനങ്ങള് നടത്താതെ, പണി പൂര്ത്തിയാകുന്നതിന് വര്ഷങ്ങള്ക്ക് മുമ്പ് തന്നെ തുക അനുവദിച്ചതു വഴി കരാറുകാരന് 39.27 കോടി രൂപയുടെ അനാവശ്യ ലാഭമുണ്ടായി.
ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് അനുവദിച്ച 1000 കോടി രൂപയില് നിന്നു രണ്ടാം പിണറായി സര്ക്കാര് 350 കോടി രൂപ തിരിച്ചെടുത്തതു റോഡിന്റെ ഗുണനിലവാരത്തെ സാരമായി ബാധിച്ചുവെന്നാണ് ഉയരുന്ന മറ്റൊരു ആരോപണം.
കൂടാതെ, മരാമത്ത് വകുപ്പിനു കീഴിലെ ഹൈവേ ഗവേഷണ വിഭാഗം ആറ് മാസം കൊണ്ട് തയ്യാറാക്കിയ പ്രാഥമിക രൂപരേഖ മാറ്റിയെഴുതിയതും പദ്ധതിയെ ദോഷകരമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.






