”ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; ചേരാനെല്ലൂർ അപകടത്തിൽ പ്രതിക്ക് ശിക്ഷ ഉറപ്പാക്കും, ജയപാലകൃഷ്ണന്റെ ബന്ധുക്കൾക്ക് ആശങ്ക വേണ്ട”

Current: മലയാളം

തിരുവനന്തപുരം: പിഎസ്സി ചെയർമാനെ നീക്കാനായി മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ലെന്നും സർക്കാരിനെ അറിയിച്ചിട്ടായിരിക്കില്ല ഗവർണർ കത്തയച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പിഎസ്സിക്ക് എതിരേ ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്. ക്രമക്കേടുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിൽ നടക്കും.
കോടതിയുടെ വിമർശനത്തെ ശരിയായ അർഥത്തിൽ ഉൾക്കൊള്ളുന്നു. പിഎസ്സിയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എറണാകുളം ചേരാനെല്ലൂർ വാഹനാപകടത്തിൽ നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും മരിച്ച ജയപാലകൃഷ്ണന്റെ ബന്ധുക്കൾക്ക് ആശങ്ക വേണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. വിവരാവകാശ നിയമത്തിൽ സർക്കാർ വെള്ളം ചേർക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചില അന്വേഷണങ്ങൾ പൂർത്തിയാക്കാൻ ഫയലുകൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്.
വിജിലൻസ് അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരമാണ് ചില ഫയലുകൾ വിവരാവകാശ പരിധിയിൽനിന്നും ഒഴിവാക്കിയത്.
എന്നാൽ എന്നെന്നേക്കുമായി ഫയലുകൾ രഹസ്യമായി സൂക്ഷിക്കില്ല. സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.






