
ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘം കണ്ടെടുത്തു. പാലക്കാട് കെ.പി.എം ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ഫോൺ ലഭിച്ചത്. എന്നാൽ, കേസിലെ നിർണായക തെളിവായ ലാപ്‌ടോപ്പ് എവിടെയാണെന്ന് വെളിപ്പെടുത്താൻ രാഹുൽ ഇതുവരെ തയ്യാറായിട്ടില്ല.
രാഹുലിനെ പാർപ്പിച്ചിരുന്ന മാവേലിക്കര സബ് ജയിൽ കവാടം മുതൽ കോടതി വരെ യുവജന സംഘടനകളുടെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് തിരുവല്ല താലൂക്ക് ആശുപത്രിയിലും മജിസ്ട്രേറ്റ് കോടതിയിലും കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വൈദ്യപരിശോധനയ്ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രവർത്തകർ എം.എൽ.എയ്ക്ക് നേരെ പാഞ്ഞടുക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് കാരണമായി.
Also Read: ശബരിമല മകരവിളക്ക്; കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും സ്പെഷ്യൽ ട്രെയിനുകൾ
അറസ്റ്റിനെക്കുറിച്ചും ആരോപണങ്ങളെക്കുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇന്നും പ്രതികരിക്കാൻ രാഹുൽ തയ്യാറായില്ല. കസ്റ്റഡി കാലാവധിയിൽ രാഹുലിനെ വിശദമായി ചോദ്യം ചെയ്യും. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി ലാപ്‌ടോപ്പ് കണ്ടെത്തുക എന്നതാണ് പോലീസിന്റെ പ്രധാന ലക്ഷ്യം. ഇന്ന് കോടതിയിൽ ഹാജരാക്കിയ രാഹുലിനെ കോടതി 3 ദിവസത്തെ എസ്‌ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. രാഹുലിൻറെ ജാമ്യാപേക്ഷ 16 ന് പരിഗണിക്കും.
The post രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി; ലാപ്‌ടോപ്പിനായി തിരച്ചിൽ തുടരുന്നു appeared first on Express Kerala.



