ബംഗാളിൽ പ്ലസ്‌വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: പോലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു | Bengal Rape Murder

Current: മലയാളം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിൽ പതിനേഴുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് അന്വേഷണത്തിനിടെ നിർണായക തിരിവ്. കേസിൽ അറസ്റ്റിലായ പ്രതി പ്രഹ്ലാദ് ദാസ് (23) പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കുറ്റകൃത്യം നടന്ന രീതി പുനഃസൃഷ്ടിക്കുന്നതിനായി തിങ്കളാഴ്ച അർദ്ധരാത്രിയോടെ ഗായ്ഘട്ടയിലെത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(Bengal Rape Murder Accused Killed In Police Encounter)
സുരക്ഷാ ഉദ്യോഗസ്ഥന്റെ സർവീസ് റിവോൾവർ തട്ടിയെടുത്ത് പ്രതി പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് ആത്മരക്ഷാർത്ഥം പോലീസ് നടത്തിയ തിരിച്ചടിയിലാണ് പ്രതിക്ക് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ പ്രതിയെ ചന്ദ്പാറ റൂറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. ഏറ്റുമുട്ടലിൽ പോലീസ് ഉദ്യോഗസ്ഥർക്കൊന്നും പരിക്കേറ്റിട്ടില്ല. ആയുധം തട്ടിയെടുക്കാൻ പ്രതിക്ക് എങ്ങനെ കഴിഞ്ഞു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി കൊല്ലപ്പെട്ട വിവരമറിഞ്ഞ് ബന്ധുക്കൾ ആശുപത്രിയിലെത്തി പ്രതിഷേധിച്ചതിനെ തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ പോലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുറ്റകൃത്യം പുനഃസൃഷ്ടിക്കുന്നതിനിടെ പ്രതി പോലീസ് വെടിവെപ്പിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ജൂലൈയിൽ സൗത്ത് 24 പർഗനാസിലെ ബാരുയ്പൂരിൽ പതിനൊന്നുകാരി കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതി പ്രവാസ് മൊണ്ടാലും സമാനമായ രീതിയിലാണ് പോലീസിന്റെ വെടിയേറ്റു മരിച്ചത്. പ്രതി കൊല്ലപ്പെട്ടതറിഞ്ഞ് പെൺകുട്ടിയുടെ കുടുംബം പോലീസ് നടപടിയെ സ്വാഗതം ചെയ്തു. “എന്റെ മകളെ എനിക്ക് ഇനി തിരികെ കിട്ടില്ല. പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച കുറ്റവാളിയെ വെടിവെച്ചതിൽ പൂർണ്ണ ന്യായം ഉണ്ടെന്നാണ് കരുതുന്നത്,” എന്ന് പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു. സംഭവം നല്ലതാണെന്നും നീതി ലഭിച്ചെന്നും മാതാവും വ്യക്തമാക്കി.
Story Summary
A 23-year-old accused in the rape and murder of a 17-year-old minor girl in West Bengal’s North 24 Parganas was killed in a police encounter. The suspect, Prahlad Das, allegedly snatched an officer’s revolver and opened fire during a crime scene reconstruction before police shot him in self-defense. This marks the second similar encounter incident in West Bengal within the past three months.






