"> Skip to content
Sample Header Banner
October 31, 2026
⌕
Breaking

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ ‘കാര്‍ബെലിം’ ഐഐടി മദ്രാസ് ഡീപ്-ടെക് ഫണ്ടില്‍ നിന്ന് 10 കോടി രൂപ സമാഹരിച്ചു

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ് യുഎം) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡീപ്ടെക് സ്റ്റാര്‍ട്ടപ്പായ ‘കാര്‍ബെലിമി’ന് ഐഐടി മദ്രാസിന്‍റെ ‘യൂണികോണ്‍ ഫ്രോണ്ടിയര്‍ ഫണ്ടി’ല്‍ നിന്ന് 10 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, ഐഐടി മദ്രാസ് ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി എന്നിവര്‍ ചേര്‍ന്ന് കമ്പനി പ്രതിനിധികള്‍ക്ക് തുക കൈമാറി.

ഐഐടി മദ്രാസ് റിസേര്‍ച്ച് പാര്‍ക്കും യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സും സംയുക്തമായി രൂപീകരിച്ച യൂണികോണ്‍ ഫ്രോണ്ടിയര്‍ ഫണ്ടില്‍ നിന്ന് ധനസഹായത്തിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ നാല് ഡീപ്-ടെക് കമ്പനികളില്‍ ഒന്നാണ് കാര്‍ബെലിം. ഈ ഫണ്ടില്‍ നിന്ന് നിക്ഷേപം നേടുന്ന കേരളത്തിലെ ആദ്യ സ്റ്റാര്‍ട്ടപ്പ് എന്ന ഖ്യാതിയും കാര്‍ബെലിം സ്വന്തമാക്കി.


ഡോ. കാര്‍ത്തിക ഗോപി, രാഹുല്‍ ബാബു എന്നിവരാണ് കമ്പനിക്ക് നേതൃത്വം നല്‍കുന്നത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്സൈഡ് വലിച്ചെടുക്കുന്ന ബയോ-ഇന്‍റഗ്രേറ്റഡ് കാര്‍ബണ്‍ ക്യാപ്ചര്‍, വായുശുദ്ധീകരണ സംവിധാനങ്ങള്‍ എന്നിവ വികസിപ്പിക്കുന്ന ക്ലൈമറ്റ്-ടെക് മേഖലയിലെ മുന്‍നിര സ്റ്റാര്‍ട്ടപ്പാണ് കാര്‍ബെലിം. കമ്പനിയുടെ സാങ്കേതികവിദ്യയ്ക്ക് 13 പേറ്റന്‍റുകള്‍ (7 യു.എസ്. പേറ്റന്‍റുകളും 6 ഇന്ത്യന്‍ പേറ്റന്‍റുകളും) ലഭിച്ചിട്ടുണ്ട്.


കാര്‍ബെലിമിന്‍റെ ഈ നേട്ടം കേരളത്തിലെ ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് പി. അംബിക പറഞ്ഞു. സംസ്ഥാനത്ത് വളര്‍ച്ചയുടെ പാതയിലുള്ള ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതകള്‍ അന്താരാഷ്ട്ര തലത്തില്‍ തിരിച്ചറിയപ്പെടാന്‍ ഇത്തരം ധനസഹായങ്ങള്‍ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഐടി മദ്രാസ് നേത്രത്വം നല്‍കുന്ന ഫ്രോണ്ടിയര്‍ ഫണ്ട് ലഭിച്ചത് കമ്പനിയുടെ വളര്‍ച്ചായാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് കാര്‍ബെലിം സിഇഒ ഡോ. കാര്‍ത്തിക ഗോപി പറഞ്ഞു. നിലവില്‍ ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും ഉള്‍പ്പെടെ 42 പ്രധാന ജീവനക്കാര്‍ കമ്പനിയിലുണ്ട്.


പുതിയ ധനസഹായം ലഭ്യമായതോടെ അന്‍പതിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്നതിനൊപ്പം  കമ്പനിയുടെ വിറ്റുവരവ് 100 കോടി രൂപയായി ഉയര്‍ത്താനും ലക്ഷ്യമിടുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും ഇടപെടലുകളുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


1,000 കോടി രൂപ ലക്ഷ്യമിട്ട് ആരംഭിച്ച ഈ ഡീപ്-ടെക് ഫണ്ടിന്‍റെ ആദ്യ ഘട്ടത്തില്‍ 450 കോടി രൂപയാണ് സമാഹരിച്ചത്. ഇതില്‍ നിന്ന് കാര്‍ബെലിം ഉള്‍പ്പെടെയുള്ള ആദ്യ നാല് ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഏകദേശം 55 കോടി രൂപ അനുവദിച്ചു. ഡീപ് ക്ലൈമറ്റ്-ടെക് മേഖലയില്‍ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ ധനസഹായം വലിയൊരു പ്രചോദനമാകും.

Get more updates from Pudukad News on Google