ടാറ്റ പവറിന് റെക്കോർഡ് ത്രൈമാസ ലാഭം; രണ്ടാം പാദത്തിൽ അറ്റാദായം 1,652 കോടി രൂപ | Tata Power Q2 results

കൊച്ചി: ടാറ്റ പവർ നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി (Tata Power Q2 results). കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 33 ശതമാനം വർധനയോടെ അറ്റാദായം 1,652 കോടി രൂപയായി. കമ്പനിയുടെ വരുമാനം 26 ശതമാനം ഉയർന്ന് 19,886 കോടി രൂപയിലെത്തി. എബിറ്റ്ഡ (EBITDA) അഞ്ച് ശതമാനം വർധിച്ച് 4,245 കോടി രൂപയായും രേഖപ്പെടുത്തി.
വൈവിധ്യമാർന്ന ഊർജ പോർട്ട്ഫോളിയോയുടെ കരുത്താണ് മികച്ച സാമ്പത്തിക പ്രകടനത്തിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി. സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 3,053 കോടി രൂപയുടെ റെക്കോർഡ് അറ്റാദായമാണ് ടാറ്റ പവർ നേടിയത്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 22 ശതമാനമാണ് വളർച്ച.
ഹരിതോർജ മേഖലയിൽ വൻ നിക്ഷേപം
ഊർജ ഉൽപ്പാദനം, പുനരുപയോഗ ഊർജം, ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വളർച്ചയാണ് ലാഭവർധനയ്ക്ക് സഹായകമായത്. രാജ്യത്തിന്റെ വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 10,000 കോടി രൂപയുടെ മൂലധന നിക്ഷേപം കമ്പനി നടത്തി. ഇതിൽ ഏകദേശം 6,000 കോടി രൂപയും പുനരുപയോഗ ഊർജ മേഖലയിലാണ് വിനിയോഗിച്ചത്.
പുതുതായി 765 മെഗാവാട്ട് ഹരിതോർജ പദ്ധതികൾ കൂടി പ്രവർത്തനസജ്ജമാക്കിയതോടെ ടാറ്റ പവറിന്റെ ആകെ ക്ലീൻ ആൻഡ് ഗ്രീൻ എനർജി ശേഷി 8.6 ഗിഗാവാട്ടായി ഉയർന്നു.
സൗരോർജത്തിലും ഇവി ചാർജിങ്ങിലും മുന്നേറ്റം
പുനരുപയോഗ ഊർജ പദ്ധതികൾ, റൂഫ്ടോപ്പ് സോളാർ, ഊർജ സംഭരണം, ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾ എന്നിവ കമ്പനിയുടെ വളർച്ചയ്ക്ക് കരുത്തുപകരുന്നതായി ടാറ്റ പവർ സിഇഒയും മാനേജിങ് ഡയറക്ടറുമായ ഡോ. പ്രവീർ സിൻഹ പറഞ്ഞു.
കൃത്യമായ മൂലധന വിന്യാസത്തിലൂടെയും മികച്ച പ്രോജക്ട് പൈപ്പ്ലൈനിലൂടെയും ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്ക് പിന്തുണ നൽകാൻ കമ്പനിക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗരോർജ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും നിർമ്മാണം, ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിങ് ശൃംഖലയുടെ വിപുലീകരണം തുടങ്ങിയ മേഖലകളിലും കമ്പനി മുന്നേറ്റം തുടരുകയാണ്.
Story Summary:
Tata Power reported its highest-ever quarterly net profit of ₹1,652 crore for the second quarter of the current financial year, registering a 33% year-on-year increase. Revenue rose 26% to ₹19,886 crore, while EBITDA increased 5% to ₹4,245 crore. The company also reported record first-half net profit of ₹3,053 crore and highlighted investments in renewable energy, including the commissioning of 765 MW of green energy projects.




