Skip to content
November 16, 2026
⌕

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് ശസ്ത്രക്രിയയിലൂടെ വന്ധ്യംകരണം വിധിച്ച് യുഎസ് കോടതി | Louisiana court surgical sterilization

November 15, 2026
Share this post to

ലൂസിയാന: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ യുവാവിന് ശസ്ത്രക്രിയയിലൂടെ വന്ധ്യംകരണം വിധിച്ച് അമേരിക്കയിലെ ലൂസിയാന കോടതി (Louisiana court surgical sterilization). മുൻ പൊലീസ് ഉദ്യോഗസ്ഥനും അഗ്നിരക്ഷാ പ്രവർത്തകനുമായ ക്രെഡിയൺ കെ. വില്യംസ് (31) നാണ് ശിക്ഷ വിധിച്ചത്. അമേരിക്കയിൽ ഇത്തരമൊരു ശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് വില്യംസ്.

എട്ടിനും 11നും ഇടയിൽ പ്രായമുള്ള നിരവധി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശംവയ്ക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് നടപടി. ന്യൂ റോഡ്സിലെ അഗ്നിരക്ഷാ നിലയങ്ങളിലും സ്വന്തം വീട്ടിലും വെച്ചാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചതെന്നാണ് കണ്ടെത്തൽ. അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഒക്ടോബർ ഒന്നിനാണ് കേസിൽ ജൂറി വിധി പുറപ്പെടുവിച്ചത്. ലൂസിയാന നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങളിൽ തടവുശിക്ഷ നിർബന്ധമാണ്. ഇതിന് പുറമേ പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാസ വന്ധ്യംകരണവും ശസ്ത്രക്രിയയിലൂടെയുള്ള വന്ധ്യംകരണവും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

അമേരിക്കയിൽ നിർബന്ധിത ശസ്ത്രക്രിയാ വന്ധ്യംകരണത്തിന് വിധിക്കപ്പെട്ട ആദ്യ വ്യക്തി അസംപ്ഷൻ പാരിഷ് സ്വദേശിയായ കരോൾ റേ ക്ലാർക്കാണെന്ന് 23-ാം ജുഡീഷ്യൽ ഡിസ്ട്രിക്ട് അറ്റോർണി റിക്കി ബാബിൻ അറിയിച്ചു.

2008-ലാണ് ലൂസിയാനയിൽ വന്ധ്യംകരണവുമായി ബന്ധപ്പെട്ട നിയമം നിലവിൽ വന്നത്. 2024-ൽ നിയമത്തിൽ ഭേദഗതി വരുത്തി. ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന പ്രതികൾക്ക് രാസ വന്ധ്യംകരണമോ ശസ്ത്രക്രിയയിലൂടെയുള്ള വന്ധ്യംകരണമോ വിധിക്കാൻ ജഡ്ജിക്ക് അധികാരം നൽകുന്നതാണ് നിയമം.

13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കെതിരായ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതിയുടെ സമ്മതമില്ലാതെയും ശസ്ത്രക്രിയയിലൂടെയുള്ള വന്ധ്യംകരണം വിധിക്കാൻ കോടതിക്ക് അധികാരം നൽകുന്നതാണ് 2024-ലെ ഭേദഗതി.

Story Summary:
A Louisiana court has sentenced 31-year-old former police officer and firefighter Credion K. Williams to surgical sterilization after he was convicted of sexually abusing multiple children. The ruling comes under a 2024 amendment to Louisiana law that allows courts to order chemical or surgical sterilization in certain serious sexual offence cases involving children under 13.

Get more updates from Pudukad News on Google