‘ഗാന്ധിജി ഫോർ അവർ ടൈംസ്’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

ഷാർജ: ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരൻ ബുദ്ധദേവ് പാണ്ഡ്യ എംബിഇ രചിച്ച ‘ഗാന്ധിജി ഫോർ അവർ ടൈംസ്’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ അവസാന ദിവസം പ്രകാശനം ചെയ്തു. പുസ്തകമേളയുടെ എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് പി. വി. മോഹൻ കുമാറാണ് പ്രകാശനം നിർവഹിച്ചത്.
ഗാന്ധിജിയുടെ ജീവിതത്തിനും സന്ദേശത്തിനും ഇന്നത്തെ ലോകത്തുള്ള പ്രസക്തിയാണ് പുസ്തകത്തിന്റെ പ്രമേയം. സമകാലിക വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ഗാന്ധിയൻ ആശയങ്ങളെക്കുറിച്ച് ചിന്തിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്നതാണ് പാണ്ഡ്യയുടെ രചന.
ഖാദിയിലൂടെ ഗാന്ധിജിയുടെ സന്ദേശം അവതരിപ്പിക്കുന്ന, അന്തർദ്ദേശീയ പുരസ്കാരങ്ങൾ നേടിയ ‘മഹാത്മാ ഗാന്ധി റോഡ്’ എന്ന ഡോക്യുമെന്ററിയുടെ നിർമാതാവ് മൻസൂർ പള്ളൂരാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. അദ്ദേഹവും ചടങ്ങിൽ പങ്കെടുത്തു.
ഷാർജ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ചെയർമാൻ പി. ആർ. പ്രകാശ്, പ്രസിഡന്റ് സജീവ് വിദ്യാനന്ദൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.




