Skip to content
November 19, 2026
⌕

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികനെ കാണാതായി, 24 പേരെ രക്ഷപ്പെടുത്തി

November 18, 2026
Share this post to

ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് പനാമ പതാകയുള്ള എൽപിജി ടാങ്കർ കപ്പലായ ‘താര ഗ്യാസിന്’ നേരെ വീണ്ടും ആക്രമണം. നവംബർ 16ന് രാത്രി സമയം 11 മണിക്ക് ഒമാനിലെ ഖസബിന് വടക്ക് ഏഴ് നോട്ടിക്കൽ മൈൽ അകലെയായിരുന്നു ആദ്യ ആക്രമണം. തുടർച്ചയായ ആക്രമണങ്ങളിൽ കപ്പലിൻ്റെ എൻജിൻ റൂമിൽ തീപിടിക്കുകയും കപ്പൽ പ്രവർത്തനരഹിതമാകുകയും ചെയ്തു. തുടർന്ന് 25 ജീവനക്കാരും കപ്പലും ഉപേക്ഷിച്ചു.

ജീവനക്കാരിൽ 24 പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരു ഇന്ത്യൻ നാവികനെ കാണാതായതായി കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. കാണാതായ നാവികനെ കണ്ടെത്താൻ കപ്പൽ മാനേജ്മെൻ്റ് കമ്പനിയുമായും പ്രാദേശിക രക്ഷാപ്രവർത്തകരുമായും ചേർന്ന് തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെട്ട ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആക്രമണത്തെ തുടർന്ന് മേഖലയിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെൻ്റർ ജാഗ്രതാ നിർദ്ദേശം നൽകി. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കപ്പലിനുണ്ടായ നാശനഷ്ടങ്ങളുടെ പൂർണവിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Get more updates from Pudukad News on Google