Skip to content
November 19, 2026
⌕

അമേരിക്കയിൽ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെയും തിരഞ്ഞെടുപ്പ് സംവിധാനത്തെയും വിമർശിച്ച് രാഹുൽ ഗാന്ധി; രാഹുലിനെതിരെ രൂക്ഷമായ വിമർശനവുമായി ബി.ജെ.പി

November 18, 2026
Share this post to

ഡല്‍ഹി: അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കും ‘വോട്ടുചോരി’ ആരോപണങ്ങള്‍ക്കുമെതിരെ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി.

രാജ്യത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശങ്ങള്‍ വിദേശത്ത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം ‘ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളുടെ നേതാവായി’ മാറിയെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.


ചൊവ്വാഴ്ച കൊളംബിയ സര്‍വകലാശാലയില്‍ സംസാരിക്കവെ, വലിയ തോതിലുള്ള തൊഴിലില്ലായ്മയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ ആഴത്തിലുള്ള ആശങ്കകളും കാരണം ഇന്ത്യ വരാനിരിക്കുന്ന ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. 


ഇന്ത്യ ഒരു സാമ്പത്തിക ദുരന്തത്തിന്റെ വക്കിലാണ് ഇരിക്കുന്നതെന്നും മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും ഇത് അവഗണിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലില്ലായ്മയും വിദ്യാഭ്യാസ സമ്പ്രദായവും രാജ്യത്ത് വലിയ പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവജനങ്ങള്‍ക്കിടയിലെ അമര്‍ഷത്തിന് കാരണം അവര്‍ക്ക് തങ്ങളുടെ ഭാവിയെക്കുറിച്ച് യാതൊരു ഉറപ്പുമില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതേ സംവാദത്തില്‍, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. 2024-ല്‍ വോട്ട് ചെയ്യേണ്ടിയിരുന്ന 14 കോടി ജനങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും, അത്തരം സാഹചര്യങ്ങളില്‍ എങ്ങനെയാണ് ഒരു തിരഞ്ഞെടുപ്പ് സാധുവാകുക എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്താതെ ഒന്നും സംഭവിക്കില്ലെന്നും, തങ്ങള്‍ അതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, തിരഞ്ഞെടുപ്പ് അട്ടിമറിക്ക് തങ്ങളുടെ പക്കല്‍ മതിയായ തെളിവുകളുണ്ടെന്നും അവകാശപ്പെട്ടു.


സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സമ്മര്‍ദ്ദം കൂടിയാല്‍ അക്രമങ്ങള്‍ ഉണ്ടായേക്കാമെന്ന് ഭയപ്പെടുന്നുണ്ടെന്നും എന്നാല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ആളുകള്‍ ഇപ്പോള്‍ ഭയപ്പെടുന്നത് നിര്‍ത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശങ്ങള്‍ക്കെതിരെ ഭരണകക്ഷിയായ ബി.ജെ.പി രംഗത്തെത്തി. വിദേശമണ്ണില്‍ ചെന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ അപമാനിക്കുകയാണെന്ന് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി എക്‌സില്‍ കുറിച്ചു. 

ഇന്ത്യയുടെ പുരോഗതിയോടും ജനാധിപത്യത്തോടുമുള്ള അദ്ദേഹത്തിന്റെ വെറുപ്പാണ് ഇത്തരം പ്രസ്താവനകള്‍ക്ക് കാരണമെന്നും, ലോകം മുഴുവന്‍ ഇന്ത്യയുടെ വളര്‍ച്ചയെ അഭിനന്ദിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി ഇന്ത്യയെ സാമ്പത്തിക ദുരന്തമെന്ന് വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


രാഹുല്‍ ഗാന്ധിക്ക് അധികാരത്തോടുള്ള ആര്‍ത്തിയാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നിലെന്ന് ബംഗാള്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ദിലീപ് ഘോഷും വിമര്‍ശിച്ചു. പകല്‍ പോലും അന്ധനായ ഒരാള്‍ക്ക് ഇരുട്ട് മാത്രമെ കാണാനാകൂ. 


ലോകത്തിന് തന്നെ മാതൃകയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ജി.ഡി.പി വളര്‍ച്ചയെന്നും വിദേശനാണ്യ ശേഖരം റെക്കോര്‍ഡ് ഉയരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം സുരക്ഷിതമാണെന്നും പവര്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമാണ് രാജ്യത്ത് അസംതൃപ്തിയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും സംവദിക്കുന്നതിനായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലുള്ള രാഹുല്‍ ഗാന്ധി, ബുധനാഴ്ച ചിക്കാഗോ സര്‍വകലാശാലയും സന്ദര്‍ശിക്കുന്നുണ്ട്.

 

Get more updates from Pudukad News on Google