മഹാരാഷ്ട്രയിൽ അഞ്ചും ഏഴും വയസ്സുള്ള മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ പിതാവ് പിടിയിൽ. മധുരപലഹാരങ്ങൾ വാങ്ങിത്തരാം എന്ന് പറഞ്ഞാണ് കുട്ടികളെ സ്കൂട്ടറിൽ കൊണ്ടുപോയത്. “അച്ഛാ ഞങ്ങൾ മരിക്കും, ഇങ്ങനെ ചെയ്യരുത്” എന്ന കുട്ടികളുടെ നിലവിളി അവഗണിച്ചായിരുന്നു ക്രൂരത. കനാലിൽ കാണാതായ കുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ അഞ്ചും ഏഴും വയസ്സുള്ള സ്വന്തം മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സോംനാഥ് ദാമോദർ റോഡ്ഗെ (40) ആണ് അറസ്റ്റിലായത്. ഏഴുവയസ്സുകാരൻ ആര്യൻ, അഞ്ചുവയസ്സുകാരൻ ശ്യാം എന്നിവരെയാണ് ഇയാൾ കനാലിലേക്ക് എറിഞ്ഞത്.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ സംഭവം. മധുരപലഹാരങ്ങൾ വാങ്ങിത്തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാൾ മക്കളെ സ്കൂട്ടറിൽ കനാലിന് സമീപത്തേക്ക് കൊണ്ടുപോയത്.
കനാലിലേക്ക് എറിയാൻ ശ്രമിക്കുന്നതിനിടെ, കുട്ടികൾ ‘അച്ഛാ… ഞങ്ങൾ മരിക്കും, ദയവായി ഇങ്ങനെ ചെയ്യരുത്’ എന്ന് പേടിച്ചു നിലവിളിച്ചെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ട് ഇയാൾ കുട്ടികളെ വെള്ളത്തിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവം കണ്ട സമീപത്തുണ്ടായിരുന്ന കർഷകർ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും, കർഷകർക്കുനേരെ കല്ലെറിയുകയും അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് കർഷകർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പച്ചോഡ് പോലീസ് അറിയിച്ചു.
കനാലിൽ കാണാതായ കുട്ടികൾക്കായി തിങ്കളാഴ്ച രാത്രി മുതൽ പോലീസും മുങ്ങൽ വിദഗ്ധരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.




