Skip to content
November 19, 2026
⌕

യുപി നിയമസഭാ തെരഞ്ഞെടുപ്പ്; നയിക്കാന്‍ പ്രിയങ്ക ഗാന്ധി, ഭരണഘടനാ ദിനത്തില്‍ പ്രചാരണം ആരംഭിക്കാന്‍ കോണ്‍ഗ്രസ്

November 18, 2026
Share this post to

2027-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള അണിയറനീക്കങ്ങള്‍ക്കു രാഷ്ട്രീയ പാര്‍ട്ടികള്‍ തുടക്കമിട്ടു. യുപിയില്‍ ഭരണകക്ഷിയായ ബിജെപിയെ നേരിടാന്‍ ഇന്ത്യ മുന്നണിയുടെ പ്രധാന ഘടകകക്ഷികളായ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ഊര്‍ജിതമാകുകയാണ്.

നവംബര്‍ 26-ന് ഭരണഘടനാദിനത്തില്‍ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അതേസമയം, സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് പ്രിയങ്ക ഗാന്ധി ചുക്കാന്‍ പിടിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.


തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്, സംസ്ഥാന നേതൃത്വത്തോട് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഭരണഘടനാ ദിനത്തില്‍ ലക്‌നൗവില്‍ കൂറ്റന്‍ റാലിയോടെ പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.


കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനങ്ങള്‍.

 രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്ത യോഗത്തില്‍ യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തിരുന്നു.


 സമാജ്വാദി പാര്‍ട്ടിയുമായി സഖ്യത്തില്‍ മത്സരിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനമെങ്കിലും, ആദ്യ ഘട്ടത്തില്‍ പ്രചാരണം ഒറ്റയ്ക്ക് ആരംഭിക്കാനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്. സീറ്റ് വിഭജനം ഔദ്യോഗികമായി പൂര്‍ത്തിയാകുന്ന മുറയ്ക്ക് സംയുക്ത പ്രചാരണം ആരംഭിക്കുമെന്നും നേതൃത്വം വ്യക്തമാക്കുന്നു.


സഖ്യ ചര്‍ച്ചകളിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം പ്രിയങ്ക ഗാന്ധിയുടെ സജീവമായ ഇടപെടലാണ്. ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് പ്രിയങ്ക ഗാന്ധിയായിരിക്കും.

എന്നാല്‍, സീറ്റുകളുടെ കാര്യത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ വലിയ തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നത്.


പ്രാരംഭഘട്ടത്തില്‍ എസ്പിയെ സമ്മര്‍ദത്തിലാക്കാനായി ഏകദേശം 180 മണ്ഡലങ്ങളുടെ പട്ടികയാണ് കോണ്‍ഗ്രസ് തയാറാക്കിയിരുന്നതെങ്കിലും, യഥാര്‍ഥത്തില്‍ യുപിയില്‍ 100-ലധികം സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്. എന്നാല്‍ സഖ്യകക്ഷിയായ എസ്പിയാകട്ടെ 55 സീറ്റുകളില്‍ കൂടുതല്‍ നല്‍കാന്‍ തയാറല്ല എന്ന നിലപാടിലാണ്.


കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന സീറ്റുകളുടെ എണ്ണത്തെ സമാജ്വാദി പാര്‍ട്ടി വക്താവ് ഉദയ്‌വീര്‍ സിംഗ് പരസ്യമായി ചോദ്യം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് അവകാശപ്പെടുന്ന പല സീറ്റുകളിലും നിലവില്‍ എസ്പി എംഎല്‍എമാരുണ്ടെന്നും, കഴിഞ്ഞ 2022-ലെ തെരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ഥികള്‍ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലങ്ങളാണ് അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം അവകാശവാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും, അര്‍ഹതയുടെയും രാഷ്ട്രീയ വിജയസാധ്യതയുടെയും അടിസ്ഥാനത്തില്‍ മാത്രമേ സീറ്റുകള്‍ നല്‍കാനാകൂ എന്നുമാണ് എസ്പിയുടെ നിലപാടെടുത്തിരിക്കുന്നത്.


രാഹുല്‍ ഗാന്ധിയേക്കാള്‍ കടുത്ത വിലപേശല്‍ നടത്തുന്നതില്‍ പ്രിയങ്ക ഗാന്ധി മിടുക്കിയാണെന്നാണ് കോണ്‍ഗ്രസ് ക്യാമ്പുകളുടെ വിലയിരുത്തല്‍. രാഹുല്‍-അഖിലേഷ് യാദവ് കൂട്ടുകെട്ടിനൊപ്പം പ്രിയങ്കയുടെ തന്ത്രപരമായ ഇടപെടലുകള്‍ കൂടിയാകുമ്പോള്‍ യുപി രാഷ്ട്രീയത്തില്‍ വരും ദിവസങ്ങളില്‍ സഖ്യചര്‍ച്ചകള്‍ കൂടുതല്‍ നിര്‍ണായകമായി മാറും. 


ഭരണഘടനാ ദിനത്തിലെ റാലിയോടെ ആഞ്ഞടിക്കാന്‍ തുടങ്ങുന്ന കോണ്‍ഗ്രസ് നീക്കങ്ങള്‍ സംസ്ഥാനത്ത് എന്ത് ചലനമുണ്ടാക്കുമെന്നതും എസ്പിയുമായുള്ള സീറ്റ് വിഭജനം എങ്ങനെ പരിഹരിക്കപ്പെടുമെന്നതും കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Get more updates from Pudukad News on Google