പി.എസ്.സി അംഗങ്ങളുടെ പട്ടികയിൽ കെ.സി വേണുഗോപാൽ പക്ഷം നിർദ്ദേശിച്ച സുധാ മേനോനെ മുഖ്യമന്ത്രി വെട്ടിയത് ചോദ്യം ചെയ്ത് മന്ത്രി എ.പി അനിൽകുമാർ. മുഖ്യമന്ത്രി ചർച്ചയിൽ കെ.സിയെ പിന്തുണച്ച് സാമൂഹ്യ മാധ്യമങ്ങളിൽ എഴുതിയിരുന്ന എഴുത്തുകാരിയെ അവഗണിച്ചത് മന്ത്രിയെ ചൊടിപ്പിച്ചു. അഹമ്മദാബാദിലെ സ്ഥിരതാമസക്കാരിയെ പി.എസ്.സി അംഗമാക്കിയാൽ വിവാദമാകുമെന്ന് മുഖ്യമന്ത്രിയുടെ മറുപടി. പകരം കെ.സിയുടെ നോമിനിയായി ഉൾപ്പെടുത്തിയത് അഡ്വ.ആർ.സനൽ കുമാറിനെ. മന്ത്രിസഭയിൽ നടന്ന യഥാർത്ഥ കാര്യങ്ങൾ – എക്സ്ക്ലൂസീവ്

തിരുവനന്തപുരം: അധികാരമേറ്റ് ആറ് മാസം തികയുന്ന ദിവസം മന്ത്രിസഭാ യോഗത്തിൽ ഉണ്ടായ തർക്കങ്ങളും ഭിന്നതകളും വി.ഡി.സതീശൻ സർക്കാരിൻെറ യശസ്സിന് മങ്ങലേൽപ്പിക്കുന്നതാണ്.
മന്ത്രിസഭാ യോഗത്തിൽ ചർച്ചകളും വിയോജിപ്പുകളും പ്രകടിപ്പിക്കാറുണ്ടെങ്കിലും യോഗം പൂർത്തിയായി ഒരു മണിക്കൂറിനകം തന്നെ അത് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടുക കൂടി ചെയ്തത് സർക്കാരിനെ നയിക്കുന്നവർക്കിടയിലെ ആഴത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
ദിവസത്തിൻെറ പ്രത്യേകത പോലും മറന്ന് മന്ത്രിസഭയിലെ തർക്കം അപ്പാടെ ചോർത്തിവിട്ടവർ വിസ്മരിച്ചത് പത്ത് കൊല്ലത്തെ എൽഡിഎഫ് ഭരണം അവസാനിപ്പിക്കാൻ തെരുവിൽ ചോരചിന്തിയവരെയും അഹോരാത്രം പണിയെടുത്തവരെയുമാണ്.
മന്ത്രിസഭയിലും മുന്നണി നേതൃത്വത്തിലുമുളള ഭിന്നത മൂലം ബോർഡ് – കോർപ്പറേഷൻ വിഭജനം നീണ്ടുപോകുന്നതിനാൽ യുഡിഎഫിനെ ഭരണത്തിൽ എത്തിക്കാൻ പണിയെടുത്തവർ ഇപ്പോഴും ഓട്ടപ്പാത്രവുമായി തെരുവിലാണ്.
അപ്പോഴാണ് കൊടിവെച്ച കാറിൽ പറക്കുന്ന, അധികാരത്തിൻെറ എല്ലാ സൌകര്യങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന മന്ത്രിമാർ തമ്മിലടിക്കുന്നത്.

പബ്ലിക് സർവീസ് കമ്മീഷനിൽ നിലവിലുളള അഞ്ച് ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കുന്നത് സംബന്ധിച്ച നിർദ്ദേശം ഔട്ട് ഓഫ് അജണ്ടയായാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നത്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടക്കുന്ന ആദ്യത്തെ നിയമനമാണിത്. ഔട്ട് ഓഫ് അജണ്ടയായി മന്ത്രിസഭ പരിഗണിക്കുന്ന വിഷയങ്ങൾ മുൻകൂട്ടി മന്ത്രിമാർക്ക് അറിയാനാകില്ല.
തീരുമാനമെടുക്കുന്ന കാര്യങ്ങളെ സംബന്ധിച്ച കുറിപ്പും ലഭിക്കില്ല. പി.എസ്.സി അംഗങ്ങളായി നിയോഗിക്കുന്നവരുടെ പേരുകൾ മുഖ്യമന്ത്രി വായിച്ചപ്പോൾ മാത്രമാണ് മന്ത്രിമാർ വിവരമറിഞ്ഞത്.
കെ.സി.വേണു ഗോപാൽ വിഭാഗത്തിൻെറ നിർദ്ദേശം എന്ന നിലയിൽ നേരത്തെ നിർദ്ദേശിച്ച പേര് ഇല്ലെന്ന് മനസിലാക്കിയതോടെ കെ.സി പക്ഷത്തിൻെറ കേരളത്തിലെ പരമോന്നത നേതാവായ റവന്യു മന്ത്രി എ.പി.അനിൽകുമാർ എതിർപ്പ് പ്രകടിപ്പിച്ചു.
മുൻകൂട്ടി ചർച്ചയില്ലാതെ പട്ടിക മന്ത്രിസഭയിൽ വെച്ചതിനെ ചോദ്യം ചെയ്താണ് അനിൽകുമാർ വിയോജിപ്പ് പ്രകടിപ്പിച്ചത്. എഴുത്തുകാരി സുധാ മേനോൻെറ പേര് പി.എസ്.സി അംഗങ്ങളായി നിയോഗിക്കുന്നവരുടെ പട്ടികയിൽ ഇല്ലാതിരുന്നതാണ് അനിൽകുമാറിനെ പ്രകോപിപ്പിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്തേക്കുളള ചർച്ചയ്ക്കിടയിൽ കെ.സി.വേണുഗോപാലിനെ പിന്തുണച്ച് സാമൂഹ്യ മാധ്യമങ്ങളിൽ എഴുതിയിരുന്ന സാംസ്കാരിക മുഖമാണ് സുധാ മേനോൻ. കെ.സി.വേണുഗോപാൽ നിർദ്ദേശിച്ച സുധാമേനോൻെറ പേര് പട്ടികയിൽ ഇല്ലാത്തതിനെയും അനിൽകുമാർ ചോദ്യം ചെയ്തു.

സുധാ മേനോനെ പി.എസ്.സി അംഗമായി പരിഗണിക്കാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കണ്ണൂർ സ്വദേശിനിയാണെങ്കിലും കേരളത്തിൽ സ്ഥിരതാമസക്കാരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.സിയുടെ കാൻഡിഡേറ്റായ സുധാ മേനോനെ മുഖ്യമന്ത്രി വെട്ടിയിട്ടത്.
അഹമ്മദാബാദിൽ സ്ഥിരതാമസക്കാരിയെ പി.എസ്.സി അംഗമാക്കിയാൽ കമ്മീഷനുമായി ബന്ധപ്പെട്ട വിവാദ കാലത്ത് പ്രശ്നമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സുധാമേനോന് പകരം കെ.സി വിഭാഗം നിർദ്ദേശിച്ച മറ്റൊരാളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി.
അമ്പലപ്പുഴ സ്വദേശി അഡ്വ.ആർ.സനൽ കുമാറാണ് കെ.സി.വേണുഗോപാലിൻെറ നോമിനിയായി പി.എസ്.സി അംഗങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചത്.
എ.പി.അനിൽകുമാറിൻെറ ഊഴം കഴിഞ്ഞപ്പോൾ കെ.പി.സി.സി പ്രസിഡൻറും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫും മുഖ്യമന്ത്രി നിർദ്ദേശിച്ച പട്ടികയെ എതിർത്ത് രംഗത്ത് വന്നു.
കെ.പി.സി.സി പ്രസിഡൻറ് ആയിട്ടുപോലും ഒന്നും അറിയുന്നില്ലെന്നും പി.എസ്.സി അംഗങ്ങളുടെ പട്ടികയെ കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നും സണ്ണി ജോസഫ് തുറന്നടിച്ച സണ്ണി ജോസഫ് ആക്രമണത്തിനുളള മൂഡിലായിരുന്നു.

കോൺഗ്രസിൽ നിന്ന് തന്നെ മുഖ്യമന്ത്രി മുന്നോട്ട് വെച്ച പട്ടികയിൽ എതിർപ്പ് ഉയർന്നതോടെ ഘടകകക്ഷി നേതാക്കളായ മന്ത്രിമാരും നോക്കിനിന്നില്ല.
5 ഒഴിവുണ്ടായിട്ടും ആർ.എസ്.പിക്ക് പരിഗണന ലഭിക്കാത്തതിൽ വനംമന്ത്രി ഷിബു ബേബിജോണും അതൃപ്തി പ്രകടിപ്പിച്ചു. മന്ത്രിസഭാ യോഗം തർക്കത്തിൻെറ വേദിയായി മാറുന്നതിലുളള അനിഷ്ടവും ഷിബുബേബിജോൺ മറച്ചുവെച്ചില്ല.’
പിന്നാലെ കേരള കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാനും ജലവിഭവ മന്ത്രിയുമായ മോൻസ് ജോസഫും തൻെറ പാർട്ടിയെ പരിഗണിക്കാത്തതിലുളള അതൃപ്തി വ്യക്തമാക്കി.
കേരള കോൺഗ്രസ് ജോസഫിനെ അടുത്ത ഒഴിവ് വരുമ്പോൾ പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. ഒരംഗത്തെ ലഭിച്ച മുസ്ളീം ലീഗ് മന്ത്രിമാർ തർക്കമെല്ലാം കണ്ടിരുന്നു. എതിർപ്പും വിമർശനവും തർക്കവും നടന്നെങ്കിലും ഒടുവിൽ മുഖ്യമന്ത്രി നിർദ്ദേശിച്ച മുഴുവൻ പേരെയും മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.




