ചെന്നൈയില്‍ വന്‍ ലഹരിവേട്ട; 700 കോടി രൂപ വിലമതിക്കുന്ന 70 കിലോ ഹെറോയിന്‍ പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍ മൊബൈല്‍ ഐസ്‌ക്രീം വാനിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെടുത്തത്
ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍ ലഹരിവേട്ട. ചെന്നൈ മാധവാരത്ത് 700 കോടി രൂപ വിലമതിക്കുന്ന 70 കിലോ ഹെറോയിന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടിച്ചെടുത്തു.
ഒരു മൊബൈല്‍ ഐസ്‌ക്രീം വാനിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് എന്ന് അധികൃതര്‍ സൂചിപ്പിച്ചു. രണ്ടുപേര്‍ അറസ്റ്റിലായി.
മാധവാരത്തെ ഒരു ഐസ് ഫാക്ടറിക്ക് സമീപം ഐസ് നിറയ്ക്കുന്നതിനായി നിര്‍ത്തിയിട്ടിരുന്ന വാനിലെ ഫ്രീസറില്‍ അടുക്കിവെച്ച നിലയില്‍ കണ്ടെത്തിയ ഹെറോയിന്‍ പാക്കറ്റുകള്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ താമസിക്കുന്ന അബ്ദുള്‍ ഷുക്കൂര്‍, ഷഫീഖ് അഹമ്മദ് എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ പരിശോധന. മറ്റൊരിടത്തേക്ക് എത്തിക്കുന്നതിനായി അജ്ഞാതരായ ചിലര്‍ ഏല്‍പ്പിച്ചതാണ് ഈ ലഹരിമരുന്ന് എന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയതെന്നാണ് വിവരം. ലഹരിമരുന്ന് എവിടെനിന്നാണ് വന്നതെന്നും, എവിടേക്കാണ് കൊണ്ടുപോകാന്‍ ഉദ്ദേശിച്ചതെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.




