Skip to content
November 19, 2026
⌕

ദേശീയപാതയോരത്തെ കെട്ടിടങ്ങൾ നടപടിക്രമങ്ങൾ പാലിക്കാതെ പൊളിക്കരുത്; ഏപ്രിലിലെ ഉത്തരവിൽ വ്യക്തത വരുത്തി സുപ്രിംകോടതി

November 19, 2026
Share this post to

ന്യൂഡൽഹി: ദേശീയപാതയോരത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ഏപ്രിലിലെ ഉത്തരവ് ചൂണ്ടിക്കാട്ടി തർക്കത്തിലുള്ള കെട്ടിടങ്ങൾ നടപടിക്രമങ്ങൾ പാലിക്കാതെ പൊളിക്കരുതെന്ന് സുപ്രിംകോടതി. അധികൃതർ കൈയേറ്റമാണെന്ന് ആരോപിക്കുന്നതുകൊണ്ട് മാത്രം കെട്ടിടം പൊളിക്കാൻ കഴിയില്ലെന്നും നിയമപരമായ നടപടിക്രമങ്ങൾ നിർബന്ധമായും പാലിക്കണമെന്നും കോടതി വ്യക്തമാക്കി.

ദേശീയപാതാ അതോറിറ്റിയുടെ പൊളിക്കൽ നടപടികൾക്കെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.


ദേശീയപാതയോരത്തെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഏപ്രിൽ 13നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. 


രാജസ്ഥാനിലെ ഫലോദിയിൽ 19 പേർ മരിച്ച അപകടത്തിന് പിന്നാലെ കോടതി സ്വമേധയാ ഇടപെട്ടായിരുന്നു നടപടി. എന്നാൽ ഈ ഉത്തരവ് നിയമപരമായ നടപടിക്രമങ്ങൾ ഒഴിവാക്കി കെട്ടിടങ്ങൾ പൊളിക്കാനുള്ള അനുമതിയായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ഒരു കെട്ടിടം ദേശീയപാതയുടെ പരിധിയിലുള്ള ഭൂമിയിലാണെന്ന അധികൃതരുടെ അവകാശവാദം മാത്രം കൈയേറ്റം സ്ഥിരീകരിക്കാൻ മതിയാകില്ല. 2002ലെ കൺട്രോൾ ഓഫ് നാഷണൽ ഹൈവേസ് (ലാൻഡ് ആൻഡ് ട്രാഫിക്) നിയമത്തിലെ 26-ാം വകുപ്പ് പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചായിരിക്കണം ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കേണ്ടത്.


കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകുകയും അവരുടെ ഭാഗം വിശദീകരിക്കാൻ അവസരം അനുവദിക്കുകയും വേണം. 


ഭൂമിയുടെ ഉടമസ്ഥാവകാശം, ദേശീയപാതയുടെ അതിർത്തി നിർണയം, ഭൂമി ഏറ്റെടുത്തിട്ടുണ്ടോ, നഷ്ടപരിഹാരം നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ തർക്കമുണ്ടെങ്കിൽ റവന്യൂ രേഖകളും സർവേ റിപ്പോർട്ടുകളും പരിശോധിച്ച് നിയമപരമായ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.

തർക്കത്തിലുള്ള കെട്ടിടങ്ങളുടെ ഉടമകൾക്ക് ബന്ധപ്പെട്ട ഹൈക്കോടതികളെ സമീപിക്കാം. ഹർജികളിൽ ഹൈക്കോടതികൾ തീരുമാനമെടുക്കുന്നതുവരെ ഇടക്കാല സംരക്ഷണം തുടരും. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ ബന്ധപ്പെട്ട കെട്ടിടങ്ങൾ പൊളിക്കാനോ മറ്റ് നിർബന്ധിത നടപടികൾ സ്വീകരിക്കാനോ അധികൃതർക്ക് കഴിയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

അതേസമയം, ഈ സംരക്ഷണം ഹർജികളിൽ ഉൾപ്പെട്ട കെട്ടിടങ്ങൾക്ക് മാത്രമാണ് ബാധകമാകുക. പുതിയ കൈയേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കും ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

Get more updates from Pudukad News on Google