സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം. നിറത്തിൽ ഇളവ് നൽകിയാലും വലിയ ചിത്രങ്ങൾ, ഗ്രാഫിക്സ്, അനധികൃത ലൈറ്റുകൾ എന്നിവയ്ക്കുള്ള കർശന വിലക്ക് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയും, അതോറിറ്റിയുടെ തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം നൽകുകയും ചെയ്തു.
ട്രാൻസ്പോർട്ട് കമ്മിഷണർ ജി. സ്പർജൻ കുമാർ, ഐ.ജി പി. പ്രകാശ്, സർക്കാർ നോമിനി കെ. സുരേഷ് ബാബു എന്നിവരടങ്ങിയ സമിതിയാണ് വിഷയം പരിഗണിച്ച് തീരുമാനമെടുത്തത്.
2022-ലെ വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം കർശനമാക്കിയത്. എന്നാൽ, ഈ നിയന്ത്രണത്തോടെ ടൂറിസ്റ്റ് ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഓൾ ഇന്ത്യ പെർമിറ്റ് ബസുകൾക്ക് ഇത്തരം നിയന്ത്രണമില്ലാത്തത് കേരളത്തിലെ വാഹനങ്ങൾക്ക് ഓട്ടം ലഭിക്കാത്ത അവസ്ഥയുണ്ടാക്കുന്നുവെന്നും ഉടമകൾ പരാതിപ്പെട്ടിരുന്നു.
ആയിരക്കണക്കിന് തൊഴിലാളികളെയും ഇത് ബാധിച്ചിരുന്നു. ഉടമകളുടെ നിവേദനങ്ങൾ പരിഗണിച്ചാണ് നിറംമാറ്റം പുനഃപരിശോധിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാർ വിജ്ഞാപനമിറക്കിയത്.
അതേസമയം, ബസുകളുടെ നിറത്തിൽ ഇളവുകൾ അനുവദിച്ചാലും സുരക്ഷയുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി:
-
മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള വലിയ ചിത്രങ്ങളോ ഗ്രാഫിക്സുകളോ ബസുകൾക്ക് പുറത്ത് പതിപ്പിക്കാൻ അനുവദിക്കില്ല.
-
സർവീസുകളുടെ പ്രചാരണത്തിനായി വാഹനങ്ങളിൽ പരസ്യങ്ങൾ പതിപ്പിക്കുന്നതിനും പൂർണ്ണ വിലക്കുണ്ടാകും.
-
അനധികൃതമായി എൽ.ഇ.ഡി ലൈറ്റുകൾ, സ്ട്രിപ്പ് ലൈറ്റുകൾ, ഹാലൊജൻ ലാമ്പുകൾ എന്നിവ ഘടിപ്പിക്കുന്ന വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ല.
-
2019-ലെ ഹൈക്കോടതി ഉത്തരവിന്റെയും കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
Get more updates from Pudukad News on Google




