ചേർപ്പ് : തൃശ്ശൂർ റൂറൽ പോലീസ് ജില്ലയുടെ ഈ വർഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) ദിനാഘോഷ പരിപാടികൾ ജി.വി.എച്ച്.എസ്.എസ് ചേർപ്പ് സ്കൂളിൽ വച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ മന്ത്രി ഒ. ജെ. ജെനീഷ് ചടങ്ങിൽ സെറിമോണിയൽ പരേഡ് സല്യൂട്ട് സ്വീകരിക്കുകയും പതാക ഉയർത്തി സംസാരിക്കുകയും ചെയ്തു.
തൃശ്ശൂർ റൂറൽ അഡിഷണൽ എസ് പി കൃഷ്ണദാസ് വി എ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ചടങ്ങിൽ, തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ് ‘തൂഫാൻ ബാഡ്ജ്’ മന്ത്രിക്ക് കൈമാറി. സ്കൂളിലെ നവീകരിച്ച എസ്.പി.സി ഓഫീസിന്റെ ഉദ്ഘാടനവും ജില്ലാ പോലീസ് മേധാവി നിർവ്വഹിച്ചു.
അഡിഷണൽ എസ് പി അധ്യക്ഷത വഹിച്ച ചടങ്ങിൽ നാട്ടിക എം.എൽ.എ ഗീത ഗോപി, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി സന്തോഷ് കുമാർ എം, ചേർപ്പ് എസ്.എച്ച്.ഒ മനോജ് കെ. എം, ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പ്രീതി വർഗ്ഗീസ്, എച്ച്.എം ജില്ലി ജോസ്, പി.ടി.എ പ്രസിഡന്റ് അലക്സി, വാർഡ് മെമ്പർ ജയശ്രീ ഷാജൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
തൃശ്ശൂർ റൂറൽ ജില്ലയിൽ നിന്നുള്ള 14 പ്ലാറ്റൂണുകളിലായി 420 കേഡറ്റുകളാണ് സെറിമോണിയൽ പരേഡിൽ അണിനിരന്നത് (7 ആൺകുട്ടികളുടെ പ്ലാറ്റൂണും 7 പെൺകുട്ടികളുടെ പ്ലാറ്റൂണും). ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം നയിച്ച പെൺകുട്ടികളുടെ ബാൻഡ് പ്ലാറ്റൂണും പരേഡിൽ പങ്കെടുത്തു.
പരേഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആൺകുട്ടികളുടെ വിഭാഗത്തിൽ എച്ച്.ഡി.പി.എച്ച്.എസ് ഇടത്തിരിഞ്ഞി ഒന്നാം സ്ഥാനം നേടിയപ്പോൾ, പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് സെബാസ്റ്റ്യൻ കുറ്റിക്കാട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പരേഡ് നയിച്ച ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം ബാൻഡ് പ്ലാറ്റൂണിന് പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.


