തിയറ്ററുകളിൽ മോശം പെരുമാറ്റവും അശ്ലീല ശബ്ദങ്ങളും; ദുരനുഭവം തുറന്നുപറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്


സിനിമാ തിയറ്ററുകൾക്കുള്ളിൽ പ്രേക്ഷകർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി നർത്തകിയും ഇൻഫ്ലുവൻസറുമായ സൗഭാഗ്യ വെങ്കിടേഷ് രംഗത്ത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്’ സിനിമ കാണുന്നതിനിടെ തനിക്കുണ്ടായ മോശം അനുഭവം പങ്കുവെച്ചുകൊണ്ടാണ് സൗഭാഗ്യയുടെ പ്രതികരണം. സിനിമ കാണുന്നതിനിടെ ചിലർ കമന്റടിച്ചും ഉച്ചത്തിൽ അശ്ലീല ശബ്ദങ്ങൾ ഉണ്ടാക്കിയും കാഴ്ചയെ ശല്യപ്പെടുത്തുകയായിരുന്നുവെന്ന് താരം പറയുന്നു.
തിയറ്ററിനുള്ളിലെ ലൈംഗിക വൈകൃതമുള്ള ഗുണ്ടകളാണ് എപ്പോഴും സിനിമയുടെ അന്തരീക്ഷവും തിയറ്ററുകളും നശിപ്പിക്കുന്നതെന്ന് സൗഭാഗ്യ തുറന്നടിച്ചു. ചിത്രം പ്രദർശിപ്പിക്കുന്ന സമയം മുഴുവൻ ഇത്തരം വ്യക്തികൾ അനാവശ്യവും അശ്ലീലവുമായ ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. എ റേറ്റഡ് രംഗങ്ങളെന്ന് പറയപ്പെടുന്ന സിനിമയിലെ രംഗങ്ങളേക്കാൾ അശ്ലീലവും അസഹ്യവുമാണ് ഇവരുടെ ഇത്തരം ശബ്ദപ്രയോഗങ്ങളെന്നും സൗഭാഗ്യ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
Also Read:ചാലക്കുടിക്കാരൻ ‘മജീഷ്യൻ’; മലയാള സിനിമയുടെ ബോക്സ് ഓഫീസ് വിസ്മയമായി മാറിയ ഗിരീഷ് എ.ഡി
സൗഭാഗ്യയുടെ പ്രതികരണത്തിന് പിന്നാലെ നിരവധി സിനിമാപ്രേമികളാണ് താരത്തെ പിന്തുണച്ചും സമാനമായ അനുഭവം പങ്കുവെച്ചും രംഗത്തെത്തിയത്. തിയറ്ററുകളിൽ വന്ന് കുടുംബങ്ങൾക്കും മറ്റ് പ്രേക്ഷകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ചിലർ നടത്തുന്ന അനാവശ്യ കൂവലുകളും മോശം പെരുമാറ്റങ്ങളും തടയാൻ തിയറ്റർ ഉടമകളും അധികൃതരും കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പൊതുയിടത്തിൽ എങ്ങനെ പെരുമാറണമെന്ന് അറിയാത്തവരാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്നും, തിയറ്ററിനുള്ളിൽ കാണിക്കുന്ന ഈ സംസ്കാരശൂന്യത ഒരു വലിയ കാര്യമായി കരുതുന്ന പൊതുശല്യങ്ങളാണ് ഇത്തരക്കാരെന്നും ശക്തമായ വിമർശനമാണ് ഉയരുന്നത്.
The post തിയറ്ററുകളിൽ മോശം പെരുമാറ്റവും അശ്ലീല ശബ്ദങ്ങളും; ദുരനുഭവം തുറന്നുപറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ് appeared first on Express Kerala.

