“ഇന്ത്യയിൽ ഒരു മുസ്ലീം പോലും ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ ഹിന്ദുവായി തുടരില്ല”; മോഹൻ ഭാഗവത്


ന്യൂയോർക്കിൽ നടന്ന ഒരു ബഹുമത സംവാദത്തിൽ ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത് നടത്തിയ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. സംഘടനയുടെ ഹിന്ദു-ദേശീയ വീക്ഷണങ്ങളെക്കുറിച്ചും, മുസ്ലീം സമൂഹത്തെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ചും അദ്ദേഹം തുറന്ന സംസാരിച്ചു. “സ്വയം ഹിന്ദു എന്ന് വിളിക്കണമെങ്കിൽ എല്ലാ വഴികളും ഒരേ ലക്ഷ്യത്തിലേക്ക് നയിക്കുന്നുവെന്ന് വിശ്വസിക്കണം; എല്ലാ മനുഷ്യർക്കും അന്തസ്സുണ്ട്, മനുഷ്യർക്കിടയിൽ വ്യത്യാസമില്ല,” എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മുസ്ലീം സഹോദരന്മാർ തന്നോട് ചോദിച്ച “നിങ്ങൾ ഒരു ഹിന്ദു സംഘടനയാണ്, ഞങ്ങൾ മുസ്ലീങ്ങളുടെ കാര്യമോ?” എന്ന ചോദ്യത്തിന്, “ഇല്ല, അത് ഹിന്ദുത്വമല്ല” എന്നും, ഇന്ത്യയിൽ ഒരു മുസ്ലീം പോലും ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു ചിന്തിച്ചാൽ അയാൾ ഹിന്ദുവായി തുടരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സേവന പ്രവർത്തനങ്ങളിൽ ആർഎസ്‌എസ് സ്വയംസേവകർ മതഭേദമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാൻ അദ്ദേഹം ഹരിയാനയിലെ ഒരു പഴയ സംഭവം ഉദ്ധരിച്ചു. ദാദ്രിയിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച ദുരന്തത്തിൽ യാത്രക്കാരിൽ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നുവെന്നും, ആ സമയത്ത് തങ്ങളുടെ സ്വയംസേവകർ ജാതിയും മതവും നോക്കാതെയാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും അദ്ദേഹം അനുസ്മരിച്ചു. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനും മൃതദേഹങ്ങൾ വീണ്ടെടുത്ത് അന്ത്യകർമങ്ങൾ നടത്തുന്നതിനും ആർഎസ്‌എസ് പ്രവർത്തകർ മുൻപന്തിയിൽ ഉണ്ടായിരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാതെ, യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെയാണ് സേവനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1996-ൽ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ആകാശ ദുരന്തങ്ങളിലൊന്നായി മാറിയ, സൗദി അറേബ്യൻ എയർലൈൻസ് ഫ്ലൈറ്റും കസാക്കിസ്ഥാൻ എയർലൈൻസും തമ്മിലുള്ള കൂട്ടിയിടിയെക്കുറിച്ചാണ് അദ്ദേഹം ഇവിടെ പരാമർശിച്ചത്.
Also Read: ഖാർഗെയുടെ വേദിയിലെ ‘ശുദ്ധീകരണം’; ജാതീയമായി തിരിച്ചുവിടാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് അജയ് താംത
അമേരിക്കയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന മോഹൻ ഭഗവതിന് ചില എതിർപ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ന്യൂയോർക്കിലെ ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ, മുസ്ലീം മേയറായ സൊഹ്‌റാൻ മംദാനി ആർഎസ്‌എസിനെ ഒരു വർഗീയ സംഘടനയെന്ന് വിശേഷിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളും ചോദ്യങ്ങളും ഉയരുന്നതിനിടയിലാണ് ഭഗവതിന്റെ ഈ നിലപാടുകൾ പുറത്തുവന്നിരിക്കുന്നത്. മതപരമായ സൗഹൃദത്തിനും സഹിഷ്ണുതയ്ക്കും സംഘടന പ്രാധാന്യം നൽകുന്നുണ്ടെന്ന് വരുത്തിതീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിരീക്ഷകർ ഈ പ്രസ്താവനകളെ വിലയിരുത്തുന്നത്. ആഗോള വേദികളിൽ ഇന്ത്യയുടെ സാംസ്കാരിക മുഖവും ആർഎസ്‌എസിന്റെ പ്രത്യയശാസ്ത്രവും എങ്ങനെ പ്രതിഫലിക്കുന്നു എന്നതിന്റെ ഉദാഹരണമായി ഈ സന്ദർശനം മാറിക്കഴിഞ്ഞു.
The post “ഇന്ത്യയിൽ ഒരു മുസ്ലീം പോലും ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ ഹിന്ദുവായി തുടരില്ല”; മോഹൻ ഭാഗവത് appeared first on Express Kerala.

