ബസ് സമയത്തെച്ചൊല്ലിയ തർക്കം കല്ലേറിൽ കലാശിച്ചു; യാത്രക്കാരിയായ എംബിബിഎസ് വിദ്യാർഥിനിക്ക് പരിക്ക് | Aluva bus dispute


ആലുവ: സ്വകാര്യ ബസുകളുടെ സർവീസ് സമയത്തെച്ചൊല്ലിയ തർക്കം യാത്രക്കാരിക്കുനേരെയുള്ള കല്ലേറിൽ കലാശിച്ചു (Aluva bus dispute). ബസിനകത്തേക്ക് എറിഞ്ഞ കല്ല് തട്ടി എംബിബിഎസ് വിദ്യാർഥിനിക്ക് പരിക്കേറ്റു. ഇടത് ചെവിക്ക് പിന്നിൽ മുറിവേറ്റ വിദ്യാർഥിനിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
സംഭവത്തിൽ മർദനമേറ്റ സ്വകാര്യ ബസ് കണ്ടക്ടർ ചെങ്ങമനാട് സ്വദേശിയായ രാജേഷ് (37) ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അങ്കമാലി-പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘കാശിനാഥൻ’ ബസിലെ കണ്ടക്ടറാണ് രാജേഷ്.
ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ് കല്ലേറിൽ പരിക്കേറ്റത്. ആലുവ കുട്ടമശ്ശേരി വാത്തിശ്ശേരി സ്വദേശിയായ സക്കീറിന്റെ മകളാണ് വിദ്യാർഥിനി.
തിങ്കളാഴ്ച വൈകിട്ട് 4.25ഓടെ പറവൂരിൽ നിന്ന് അങ്കമാലിയിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് സംഭവം. അടുവാശ്ശേരി ഭാഗത്ത് വെച്ചാണ് തർക്കവും തുടർന്നുണ്ടായ ആക്രമണവും നടന്നത്.
രണ്ട് ദിവസം മുൻപ് ‘കാശിനാഥൻ’ ബസ് സമയം തെറ്റിച്ച് സർവീസ് നടത്തിയെന്നാരോപിച്ച് മറ്റൊരു സ്വകാര്യ ബസുടമ കണ്ടക്ടർ രാജേഷിനെ യാത്രക്കാരുടെ മുന്നിൽ വെച്ച് അസഭ്യം പറഞ്ഞിരുന്നതായി ബസ് ജീവനക്കാർ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നതിനിടെയാണ് തിങ്കളാഴ്ച വൈകിട്ട് സംഭവവികാസങ്ങൾ ഉണ്ടായത്.
കുടിൽപീടികയിൽ നിന്ന് ആരോപണവിധേയനായ ബസുടമ ‘കാശിനാഥൻ’ ബസിൽ കയറിയതോടെ രാജേഷും ഇയാളും തമ്മിൽ വാക്കേറ്റമുണ്ടായി. കഴിഞ്ഞ ദിവസത്തെ അസഭ്യം പറച്ചിലിനെ ചൊല്ലിയുള്ള തർക്കം പിന്നീട് കൈയാങ്കളിയിലേക്ക് മാറിയെന്നാണ് വിവരം.
ബസ് അടുവാശ്ശേരിയിലെത്തിയപ്പോൾ ബസുടമ ഇറങ്ങിയതായി ജീവനക്കാർ പറയുന്നു. തുടർന്ന് പുറത്തുനിന്ന് ബസിനുള്ളിലേക്ക് കല്ലെറിയുകയായിരുന്നു. ഈ കല്ല് ബസിൽ സീറ്റിനരികിൽ ഇരിക്കുകയായിരുന്ന എംബിബിഎസ് വിദ്യാർഥിനിയുടെ ഇടത് ചെവിക്ക് പിന്നിൽ തട്ടിയാണ് പരിക്കേറ്റത്.
വിദ്യാർഥിനിയുടെ രക്ഷിതാക്കളെ വിവരം അറിയിച്ച ശേഷം ബസ് ജീവനക്കാർ ഇവരെ ആശുപത്രിയിൽ എത്തിച്ചു. ബസിൽ നിന്ന് ഇറങ്ങിയ ബസുടമയാണ് കല്ലെറിഞ്ഞതെന്നാണ് ‘കാശിനാഥൻ’ ബസിലെ ജീവനക്കാരുടെ ആരോപണം. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
മറ്റ് യാത്രക്കാർ ബഹളം വെച്ചതോടെ കല്ലേറ് നിർത്തി അക്രമി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും ജീവനക്കാർ പറയുന്നു. സംഭവത്തിൽ ബസ് ജീവനക്കാർ ചെങ്ങമനാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Story Summary: An MBBS student travelling on a private bus was injured after a stone was allegedly thrown into the vehicle during a dispute between a bus conductor and another bus owner over service timings. The injured student and the conductor received medical treatment, while a complaint has been filed with Chengamanad Police.

