സുഹൃത്തുക്കളുടെ ക്രൂരത; മദ്യപാനത്തിനിടയിലെ തർക്കം!കൂട്ടുകാരനെ കിണറ്റിൽ തള്ളിയിട്ട് കൊന്നു, പ്രതികൾ പിടിയിൽ


ഇരവിപേരൂരിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കുളക്കാട് താഴെക്കാലായിൽ വീട്ടിൽ ജൂവൽ (34) മരിച്ച സംഭവത്തിൽ ഇരവിപേരൂർ ചിറയിൽ വീട്ടിൽ ജോജു (34), ചിറയിൽപടി കുടകുമലയിൽ വൈശാഖ് (29) എന്നിവരെയാണ് തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
സംഭവദിവസം രാത്രി മൂവരും ചേർന്ന് ജോജുവിന്റെ വീട്ടുമുറ്റത്തിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കേറ്റവും പിടിവലിയും ഉണ്ടാകുകയായിരുന്നു. ഇതിനിടെ വൈശാഖ്, ജോജുവിനെയും ജൂവലിനെയും കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് വൈശാഖ് ഓട്ടോറിക്ഷയിൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നാട്ടുകാരും പിന്നാലെ അഗ്നിരക്ഷാസേനയും എത്തിയപ്പോൾ ജോജുമാത്രം കിണറ്റിൽനിന്ന് കയറിവന്നു. എന്നാൽ വെള്ളത്തിൽ വീണുകിടന്ന ജൂവലിന്റെ കാര്യം ഇയാൾ ബോധപൂർവ്വം മറച്ചുവെക്കുകയും രക്ഷാപ്രവർത്തനം വൈകിപ്പിക്കുകയും ചെയ്യുകയായിരുന്നു.
Also Read: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സൈനികനെ ക്രൂരമായി മർദ്ദിച്ചു; കുവൈത്ത് പൗരൻ പിടിയിൽ
തുടർന്ന് അഗ്നിരക്ഷാസേന നടത്തിയ പരിശോധനയിലാണ് ജൂവലിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ വൈശാഖിനെയും ജോജുവിനെയും മണിക്കൂറുകൾക്കകം തിരുവല്ല പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ കെ.എസ് ഗോപകുമാർ, സബ് ഇൻസ്പെക്ടർ റിയാസ് റഹീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
The post സുഹൃത്തുക്കളുടെ ക്രൂരത; മദ്യപാനത്തിനിടയിലെ തർക്കം!കൂട്ടുകാരനെ കിണറ്റിൽ തള്ളിയിട്ട് കൊന്നു, പ്രതികൾ പിടിയിൽ appeared first on Express Kerala.

