ബൈജൂസിന്റെ ആസ്തി ലേലം മരവിപ്പിച്ച് എൻസിഎൽടി; 150 കോടിയുടെ ആസ്തികൾ 16 കോടിക്ക് വിറ്റതിൽ തർക്കം | Byjus App latest news


ബംഗളൂരു: എഡ്യുടെക് കമ്പനിയായ ബൈജൂസിന്റെ മാതൃകമ്പനി തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ആസ്തികൾ ലേലം ചെയ്യുന്നതിന് താൽക്കാലിക വിലക്ക് (Byjus App latest news). നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) ബംഗളൂരു ബെഞ്ചാണ് ആസ്തികളുടെ നിലവിലെ സ്ഥിതി മാറ്റരുതെന്ന് നിർദേശിച്ചത്.
ഏകദേശം 150 കോടി രൂപ മൂല്യമുള്ള ആസ്തികൾ 16 കോടി രൂപയ്ക്ക് ലേലം ചെയ്തുവെന്ന പരാതിയെ തുടർന്നാണ് നടപടി. സെപ്റ്റംബർ 21ന് നടക്കുന്ന അടുത്ത വാദം വരെ ആസ്തികൾ കൈമാറ്റം ചെയ്യുകയോ നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്തുകയോ ചെയ്യരുതെന്ന് തിങ്ക് ആൻഡ് ലേണിന്റെ റസല്യൂഷൻ പ്രൊഫഷണലിനും ലേലത്തിൽ വിജയിച്ച കോംപ്രിന്റ് ടെക് സൊല്യൂഷൻസ് (ഐ) പ്രൈവറ്റ് ലിമിറ്റഡിനും ട്രൈബ്യൂണൽ നിർദേശം നൽകി.
ബൈജൂസിന്റെ ഉപസ്ഥാപനവും പാപ്പരത്ത നടപടികൾ നേരിടുന്നതുമായ കെ3 എഡ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡാണ് ഹർജി നൽകിയത്. തിങ്ക് ആൻഡ് ലേണിന്റെ റസല്യൂഷൻ പ്രൊഫഷണൽ ഓഗസ്റ്റ് രണ്ടിന് നടത്തിയ ലേലത്തിലൂടെയാണ് ആസ്തികൾ കോംപ്രിന്റ് ടെക് സൊല്യൂഷൻസിന് വിറ്റത്.
എന്നാൽ ലേലത്തിൽ ഉൾപ്പെടുത്തിയ ആസ്തികളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ റസല്യൂഷൻ പ്രൊഫഷണൽ ഹാജരാക്കിയിട്ടില്ലെന്നാണ് കെ3 എഡ്യുക്കേഷന്റെ വാദം. നാല് ദിവസത്തിനുള്ളിൽ ധൃതിപിടിച്ച് ആസ്തികൾ ലേലം ചെയ്തതിന്റെ യുക്തിയും വ്യക്തമല്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
കെ3 എഡ്യുക്കേഷന്റെ ഉടമസ്ഥതയിലുള്ള ആസ്തികളും തിങ്ക് ആൻഡ് ലേണിന്റെ ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ലേലത്തിൽ വിറ്റ ഉപകരണങ്ങളുടെയും മറ്റ് ആസ്തികളുടെയും യഥാർഥ ഉടമസ്ഥത സംബന്ധിച്ച് വ്യക്തതയില്ലെന്ന് ട്രൈബ്യൂണലും നിരീക്ഷിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് രണ്ടിലെ ലേല നോട്ടീസിൽ ഉൾപ്പെട്ട ഉപകരണങ്ങളും മറ്റ് ആസ്തികളും സെപ്റ്റംബർ 21ലെ അടുത്ത വാദം വരെ നിലവിലെ സ്ഥിതിയിൽ തന്നെ സൂക്ഷിക്കാൻ നിർദേശിച്ചു. ഉയർന്ന മൂല്യമുള്ള ആസ്തികൾ വളരെ കുറഞ്ഞ തുകയ്ക്ക് വിറ്റതിനാൽ അവ പിന്നീട് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
ലേലത്തിൽ സ്വന്തമാക്കിയ മുഴുവൻ ആസ്തികളുടെയും പട്ടിക, അവ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങൾ, ഫോട്ടോകൾ എന്നിവ ഒരാഴ്ചയ്ക്കകം സമർപ്പിക്കാനും ട്രൈബ്യൂണൽ നിർദേശം നൽകിയിട്ടുണ്ട്.
Story Summary:
The Bengaluru bench of the NCLT has temporarily halted the transfer or disposal of assets belonging to Byju’s parent company Think and Learn Pvt Ltd. The order follows a dispute over the auction of assets reportedly worth around ₹150 crore for ₹16 crore and questions over their ownership.

