വിദ്യാർത്ഥിയുടെ മുഖത്തടിച്ച് അധ്യാപകൻ്റെ ക്രൂരത; ഇടത് കണ്ണിൽ രക്തം കട്ടപിടിച്ചു, അധ്യാപകനെതിരെ കേസ്


കർണാടകയിലെ മൈസൂരുവിൽ സ്കൂൾ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം. മൈസൂരുവിലെ സെന്റ് ഫിലോമിനാസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ 16 വയസ്സുകാരൻ റെഹാൻ ഷെരീഫിനാണ് അധ്യാപകനായ സുരേഷിൽ നിന്ന് ദുരനുഭവം ഉണ്ടായത്. ക്ലാസ് മുറിയിൽ വെച്ച് അധ്യാപകൻ കൈ ചുഴറ്റി വിദ്യാർത്ഥിയുടെ മുഖത്ത് ശക്തിയായി ഇടിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ആഘാതത്തിൽ കുട്ടിയുടെ ഇടത് കണ്ണിൽ രക്തം കട്ടപിടിക്കുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് ശേഷം കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
എന്നാൽ സ്‌കൂളിൽ നടന്ന ക്രൂരകൃത്യം പുറത്തുപറഞ്ഞാൽ ടി.സി നൽകി സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന് അധ്യാപകൻ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പരിക്കേറ്റ കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടർന്ന്, കുട്ടിയുടെ പിതാവ് വസീം ഷെരീഫ് പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.
Also Read: അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ടെലഗ്രാമിൽ വിറ്റഴിച്ചു; തൃക്കാക്കര കോളേജ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം ‘പെയ്ഡ്’ ഗ്രൂപ്പുകളിലേക്ക്
പരാതിയുടെ അടിസ്ഥാനത്തിൽ മൈസൂരു പൊലീസ് അധ്യാപകനെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാരനായ അധ്യാപകനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സ്കൂളുകളിൽ കുട്ടികൾക്ക് നേരെ വർദ്ധിച്ചുവരുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
The post വിദ്യാർത്ഥിയുടെ മുഖത്തടിച്ച് അധ്യാപകൻ്റെ ക്രൂരത; ഇടത് കണ്ണിൽ രക്തം കട്ടപിടിച്ചു, അധ്യാപകനെതിരെ കേസ് appeared first on Express Kerala.

