September 10, 2026

വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണം; സെപ്തംബർ 30 വരെ സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ | Kerala power crisis

വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണം; സെപ്തംബർ 30 വരെ സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ | Kerala power crisis
Unannounced Power Cuts

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം (Kerala power crisis). ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്നത് സർക്കാരിന്റെയോ കെഎസ്ഇബിയുടെയോ ലക്ഷ്യമല്ലെന്നും നിലവിലെ അടിയന്തര സാഹചര്യം മറികടക്കാൻ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ഇബിയുടെ ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈകിട്ട് ഏഴുമണിയിലുള്ളതിന് സമാനമായ ഉയർന്ന വൈദ്യുതി ആവശ്യകത പുലർച്ചെ ഒന്നുമണിക്കും രേഖപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ചെയർമാൻ വ്യക്തമാക്കി. സെപ്തംബർ മാസത്തിലും വൈദ്യുതി ഡിമാൻഡ് ഉയർന്ന നിലയിൽ തുടരുകയാണ്.

പ്രത്യേകിച്ച് രാത്രി 12 മണിക്ക് ശേഷമുള്ള വൈദ്യുതി നിയന്ത്രണം കടുത്ത ചൂടിനിടെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് കെഎസ്ഇബിക്കും സർക്കാരിനും ബോധ്യമുണ്ടെന്നും പവർ കട്ട് മൂലമുള്ള അസൗകര്യങ്ങൾ പരമാവധി കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി നിയന്ത്രണം ഏത് സമയത്തായിരിക്കുമെന്ന് മുൻകൂട്ടി അറിയിക്കാൻ പ്രത്യേക സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നുണ്ട്. നിയന്ത്രണത്തിന്റെ സമയക്രമം നേരത്തെ അറിയുന്നതിലൂടെ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

See also  കോഴിക്കോട് കോര്‍പ്പറേഷന്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

ചൂട് വർധിക്കുന്നതോടെ എസിയുടെ ഉപയോഗം കൂടുകയും ഇത് വൈദ്യുതി ലോഡ് ഗണ്യമായി ഉയർത്തുകയും ചെയ്യുന്നുണ്ട്. അതിനാൽ ഉറങ്ങുന്നതിന് അരമണിക്കൂറോ ഒരു മണിക്കൂറോ മുൻപ് എസി പ്രവർത്തിപ്പിച്ച് മുറി തണുപ്പിച്ച ശേഷം ഓഫ് ചെയ്യുന്ന രീതിയിൽ ഉപഭോക്താക്കൾ സ്വയം നിയന്ത്രണം പാലിക്കണമെന്നും കെഎസ്ഇബി ചെയർമാൻ അഭ്യർത്ഥിച്ചു.

സെപ്തംബർ 30 വരെ വൈദ്യുതി ലോഡ് കുറയ്ക്കുന്നതിന് ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സഹകരണമാണ് നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള പ്രധാന മാർഗമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറോടെ 500 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാകുമെന്നാണ് പ്രതീക്ഷ. സ്വാപ്പ് കരാറുകളിലൂടെ ലഭിക്കുന്ന വൈദ്യുതി കൂടി എത്തുന്നതോടെ നിലവിലുള്ള 900 മെഗാവാട്ടിന്റെ കുറവ് നികത്താൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബർ, നവംബർ മാസങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസമില്ലാതെ മുന്നോട്ടുപോകാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. സെപ്തംബർ 30 വരെയുള്ള നിർണായക ഘട്ടം മറികടക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും എം.ജി. രാജമാണിക്യം പറഞ്ഞു.

Story Summary:
KSEB Chairman M.G. Rajamanikyam urged consumers to voluntarily reduce electricity usage until September 30 amid the state’s ongoing power crisis. He said additional power of around 500 MW is expected from October, which along with swap arrangements could help bridge the current shortage.

See also  കാന്തപുരത്തിന്റെ കോലം കത്തിക്കലിലേക്ക് നയിച്ചത് ഭരണാധികാരികളുടെ അനാവശ്യ വിവാദങ്ങൾ; എ.പി. സുന്നി വിഭാഗം
Spread the love