പണം വാങ്ങിയിട്ട് ചൈനയിലും അർജന്റീന കളിക്കാൻ പോയില്ല, മെസി വിവാദത്തിലെ റിപ്പോർട്ടിൽ സത്യസന്ധതയില്ലെന്ന് വി. അബ്ദുറഹിമാൻ; അന്വേഷണം നടക്കട്ടെയെന്നും മുൻമന്ത്രി | V Abdurahiman Messi controversy


കോഴിക്കോട്: മെസി വിവാദവുമായി ബന്ധപ്പെട്ട് കായിക വകുപ്പ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിനെതിരെ മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ (V Abdurahiman Messi controversy). റിപ്പോർട്ടിൽ സത്യസന്ധമായ കാര്യങ്ങളൊന്നുമില്ലെന്ന് അബ്ദുറഹിമാൻ ആരോപിച്ചു. തിരൂർ തലക്കാട് സിപിഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയിൽ അർജന്റീന പണം വാങ്ങിയിട്ടും മത്സരം കളിക്കാൻ പോയിട്ടില്ലെന്നും ഇക്കാര്യത്തിൽ അവരും കേസ് നൽകിയിട്ടുണ്ടെന്നും അബ്ദുറഹിമാൻ പറഞ്ഞു. മെസി വിവാദത്തിൽ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്നുവെന്നാരോപിക്കുന്ന സാമ്പത്തിക തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മുൻമന്ത്രിയുടെ പ്രതികരണം.
എഡിജിപി പി. വിജയന്റെ നേതൃത്വത്തിലാണ് എസ്‌ഐടി അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം സംഭവത്തിൽ ഏതെല്ലാം വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന കാര്യത്തിൽ അന്വേഷണ സംഘം തീരുമാനമെടുക്കും.
Story Summary:
Former Kerala Sports Minister V. Abdurahiman criticized the Sports Department Secretary’s report on the Messi controversy, alleging that it lacked sincerity. His remarks came after an SIT began investigating alleged financial fraud linked to promises of bringing Lionel Messi to Kerala.

