‘EDയുടെ കത്ത് ലഭിച്ചു, നടപടി ക്രമങ്ങൾ പാലിച്ച് വേണ്ടത് ചെയ്യും’: മാസപ്പടി കേസിലെ EDയുടെ നടപടിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | CMRL Case


തിരുവനന്തപുരം: സി.എം.ആർ.എൽ-എക്‌സാലോജിക് മാസപ്പടി ഇടപാടിലെ സാമ്പത്തിക ക്രമക്കേടുകൾ വ്യക്തമാക്കുന്ന കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനടക്കമുള്ളവരുടെ പങ്കാളിത്തം വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച കത്തിലെ വിവരങ്ങൾ പുറത്ത്. ഇടപാടിൽ ഓരോരുത്തർക്കുമുള്ള പങ്കും സാമ്പത്തിക തട്ടിപ്പിലെ ഘടനയും അക്കമിട്ട് നിരത്തിക്കൊണ്ടുള്ള പട്ടികയാണ് ഇ.ഡി കത്തിനൊപ്പം കൈമാറിയിരിക്കുന്നത്.(CMRL Case ED Lists Pinarayi Vijayan Role Home Minister Ramesh Chennithala Reacts)
അതിനിടെ, ഇ.ഡി കൈമാറിയ കത്ത് ലഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു. കത്തിലെ വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് ഉചിതമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേസിൽ നടപടികൾ ഉണ്ടാകുമെന്നും കാത്തിരിക്കാനും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
മകൾ വഴി പിണറായി വിജയൻ കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് ഇ.ഡിയുടെ അന്വേഷണത്തിലെ ഗുരുതരമായ കണ്ടെത്തൽ. ഇ.ഡി ശേഖരിച്ച പ്രാഥമിക തെളിവുകളുടെ വിവരങ്ങളും രേഖകളും ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. മാസപ്പടി കേസിൽ പിണറായി വിജയൻ, മകൾ വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിൽ സംസ്ഥാന പോലീസ് മേധാവി നിയമോപദേശം തേടും.
ഇ.ഡിയുടെ കത്ത് ലഭിച്ചതായി ഡി.ജി.പി സ്ഥിരീകരിച്ചു. കത്തിലെ വിവരങ്ങൾ പൂർണ്ണമായി പരിശോധിച്ച് അടിയന്തരമായി സർക്കാരിന് കൈമാറാനാണ് സാധ്യത. തുടർന്നുള്ള അന്വേഷണത്തിൽ നിയമപരമായ സാധ്യതകളും സാങ്കേതിക വശങ്ങളും വിലയിരുത്താൻ അഡ്വക്കേറ്റ് ജനറൽ അടക്കമുള്ള ഉന്നത നിയമവിദഗ്ദ്ധരുമായി കൂടിയാലോചിക്കും. കേസിൽ ആവശ്യമായ വിവരങ്ങളും നിർണായക തെളിവുകളുടെ പകർപ്പുകളും ഇ.ഡി അയച്ച കത്തിനൊപ്പം കൈമാറിയിട്ടുണ്ട്. വിഷയം സംസ്ഥാന പോലീസിന്റെയും വിജിലൻസിന്റെയും പരിധിയിൽ കൂടി വരുന്നതിനാൽ നിയമോപദേശം ലഭിച്ച ശേഷമായിരിക്കും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലടക്കം ഡി.ജി.പി അന്തിമ തീരുമാനമെടുക്കുക. ഇ.ഡിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന പോലീസ് അടിയന്തരമായി കേസെടുക്കണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു.
Story Summary
The Enforcement Directorate’s letter to the Kerala DGP regarding the CMRL-Exalogic payoff case explicitly details the role of opposition leader Pinarayi Vijayan and others in a structured list. Home Minister Ramesh Chennithala confirmed receiving the communication and stated that appropriate legal procedures will be followed.

