September 9, 2026

നിങ്ങളുടെ സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്..! പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

നിങ്ങളുടെ സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്..! പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

കൊച്ചി: പിറന്നാൾ ദിനത്തിൽ ലഭിച്ച ആശംസകൾക്ക് ഹൃദയം നിറഞ്ഞ നന്ദിയുമായി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ആരാധകരോടുള്ള നന്ദി താരം അറിയിച്ചത്. വർഷങ്ങളായി ലഭിക്കുന്ന ഉപാധികളില്ലാത്ത സ്നേഹവും പിന്തുണയുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. “നിങ്ങളുടെ മനോഹരമായ ജന്മദിനാശംസകളെല്ലാം വായിച്ചറിഞ്ഞ് ഹൃദയം നിറഞ്ഞു. ഹൃദയംഗമമായ നന്ദി പറയുന്നു. വർഷങ്ങളായി നിങ്ങളുടെ ഉപാധികളില്ലാത്ത സ്നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. നിങ്ങളിൽ ഓരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി,” മമ്മൂട്ടി കുറിച്ചു.

സിനിമയിലെ 55-ാം വർഷത്തിൽ നിൽക്കുന്ന മമ്മൂട്ടിയുടെ 75-ാം പിറന്നാളായിരുന്നു തിങ്കളാഴ്ച. മോഹൻലാൽ ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും മമ്മൂട്ടിക്ക് ആശംസകൾ നേർന്നു. കേരളത്തിന് പുറത്തുനിന്നുള്ളവരും താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു. 1951 സെപ്റ്റംബർ ഏഴിന് വൈക്കത്തെ ചെമ്പ് ഗ്രാമത്തിൽ ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായാണ് മമ്മൂട്ടി ജനിച്ചത്. യഥാർഥ പേര് പി.ഐ. മുഹമ്മദ് കുട്ടി. ചെമ്പ്, ചന്തിരൂർ കുലശേഖരമംഗലം സ്കൂളുകളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തേവര സേക്രഡ് ഹാർട്ട്, എറണാകുളം മഹാരാജാസ്, ലോ കോളജ് എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസം നേടി. പിന്നീട് കുറച്ചുകാലം മഞ്ചേരിയിൽ ക്രിമിനൽ അഭിഭാഷകനായും ജോലി ചെയ്തു.

See also  ഹോർമുസിൽ ഇറാന്റെ ‘റെഡ് ലൈൻ’!

ALSO READ:ഇത് അയാളുടെ കാലം..! ഇനി വരുന്നത് ഒന്നിന് പിന്നാലെ ഒന്നായി കിടിലൻ പടങ്ങൾ

അഞ്ചുപതിറ്റാണ്ടോളം നീളുന്ന ചലച്ചിത്രജീവിതത്തിൽ 425ലേറെ ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. 1998ൽ പദ്മശ്രീ ലഭിച്ച അദ്ദേഹത്തെ 75-ാം പിറന്നാൾ വർഷത്തിൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. മികച്ച നടനുള്ള നാല് ദേശീയ പുരസ്‌കാരങ്ങൾക്കും മികച്ച നടൻ, മികച്ച രണ്ടാമത്തെ നടൻ, പ്രത്യേക പരാമർശം എന്നിവയുൾപ്പെടെ ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങൾക്കും അർഹനായി. കേരള, കാലിക്കറ്റ്, എം.ജി. സർവകലാശാലകൾ ഡി.ലിറ്റ് നൽകി ആദരിച്ച മമ്മൂട്ടിക്ക് കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ കേരള പ്രഭ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

നിരവധി പുരസ്‌കാരങ്ങളും അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതവും സ്വന്തമാക്കിയ മമ്മൂട്ടിയുടെ 75-ാം പിറന്നാളും ആരാധകരുടെ വലിയ ആഘോഷമായി മാറുകയായിരുന്നു. ആശംസകൾക്ക് മറുപടിയായി താരം പങ്കുവെച്ച നന്ദിക്കുറിപ്പോടെ, ആരാധകരുമായുള്ള ആ ആത്മബന്ധം ഒരിക്കൽ കൂടി ശ്രദ്ധേയമായി.

The post നിങ്ങളുടെ സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്..! പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി appeared first on Express Kerala.

See also  ‘മുൻകാല പ്രാബല്യത്തോടെ ഇപ്പോൾ കത്ത് നൽകിയെങ്കിൽ അത് ശരിയല്ല, തീയതിയടക്കം പരിശോധിക്കും’: രമ്യ ഹരിദാസിൻ്റെ നടപടിയിൽ അതൃപ്തി വ്യക്തമാക്കി KPCC പ്രസിഡൻ്റ് | KPCC President
Spread the love