September 9, 2026

പിണറായിക്കെതിരെ കേസെടുത്താൽ പണി, ഇല്ലെങ്കിലും പണി, സർക്കാറിന് മുന്നിൽ ഇരുതലമൂർച്ചയുള്ള വാൾ..!

പിണറായിക്കെതിരെ കേസെടുത്താൽ പണി, ഇല്ലെങ്കിലും പണി, സർക്കാറിന് മുന്നിൽ ഇരുതലമൂർച്ചയുള്ള വാൾ..!

പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ഇ.ഡിയുടെ കത്ത് സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് വലിയ രാഷ്ട്രീയ-നിയമ പ്രതിസന്ധിയിലേക്ക് വഴിതുറക്കുന്നു. ഇ.ഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്താലും കേസെടുക്കാതിരുന്നാലും സർക്കാരിന് തിരിച്ചടിയാകുന്ന സാഹചര്യമാണിപ്പോൾ. ഇ.ഡി സ്വീകരിച്ചിരിക്കുന്ന നിയമനീക്കം സംസ്ഥാന സർക്കാരിന് രാഷ്ട്രീയമായി വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്താൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് പ്രതിപക്ഷ നേതാവിനെ വേട്ടയാടുകയാണെന്ന പ്രചാരണം സി.പി.എം ഉയർത്തിയേക്കും. കേന്ദ്ര-സംസ്ഥാന അവിശുദ്ധ സഖ്യമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ടാകും. മുഖ്യമന്ത്രി ഡൽഹിയിൽ ആഭ്യന്തര മന്ത്രിയെ കണ്ടതിന്റെ പിറ്റേന്ന് പ്രതിപക്ഷ നേതാവിന്റെ വസതിയിൽ നടന്ന ഇ.ഡി റെയ്ഡിനെ നേരത്തെ തന്നെ സി.പി.എം ‘ഇ.ഡി-വി.ഡി സഖ്യനീക്കം’ എന്ന് വിശേഷിപ്പിച്ചിരുന്നു. അതേസമയം, നേരത്തെ പ്രതിപക്ഷത്തിരിക്കുമ്പോൾ വി.ഡി. സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ മാസപ്പടി കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നതും നിലവിലെ സാഹചര്യത്തിൽ ചർച്ചയാകുന്നുണ്ട്.

ALSO READ:‘രാഷ്ട്രീയ പകപോക്കൽ’..! യുഡിഎഫ് സർക്കാർ ഇ.ഡി നിർദേശം പാലിക്കുമോ? കേരളം ഉറ്റുനോക്കുകയാണെന്ന് ഗോവിന്ദൻ

See also  വിജയ്ക്ക് ആദ്യ പരീക്ഷണം, മമതയ്ക്ക് നിർണായകം..! അഞ്ച് നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ്

എന്നാൽ സർക്കാർ കേസെടുക്കാതെ വിട്ടുനിന്നാൽ അതിന്റെ രാഷ്ട്രീയ നേട്ടം ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസും സി.പി.എമ്മും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന പ്രചാരണത്തിനൊപ്പം അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന ആരോപണവും ബി.ജെ.പി ഉയർത്തിയേക്കും. കേസിൽ കോടതി ഇടപെട്ട് അന്വേഷണം നിർദേശിച്ചാലും സർക്കാരിന് നാണക്കേടാകും. അതിനാൽ കേസെടുത്താലും കേസെടുക്കാതിരുന്നാലും സർക്കാരിന് തിരിച്ചടിയാകുന്ന തരത്തിലാണ് നിലവിലെ സാഹചര്യം.

ഇതിനിടെ സി.എം.ആർ.എൽ മാസപ്പടി കേസിൽ സംസ്ഥാന വിജിലൻസോ സി.ബി.ഐയോ അന്വേഷണം നടത്തണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ആവശ്യപ്പെട്ടു. കേസിലെ യഥാർഥ പ്രതി പിണറായി വിജയനാണെന്ന് താൻ തുടക്കം മുതൽ പറഞ്ഞിരുന്നുവെന്നും നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്നും കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പോരാട്ടം എളുപ്പമായിരുന്നില്ലെന്നും തൻറെ വഴി തെറ്റിപ്പോയെന്ന് പറഞ്ഞ് പലരും ആക്ഷേപിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് വർഷം മുമ്പ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശരിയാകുന്നതെന്നും, യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കുഴൽനാടൻ വ്യക്തമാക്കി. ഈ നിയമപ്രകാരമുള്ള കേസ് അന്വേഷിക്കാൻ സംസ്ഥാന വിജിലൻസിനോ സി.ബി.ഐക്കോ മാത്രമാണ് കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.

See also  കുമളിയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യ; ഒളിവിലായിരുന്ന അമ്മയുടെ സുഹൃത്ത് പിടിയിൽ | Kumily teenage suicide

അതേസമയം, ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ എം.എൽ.എ പദവിയും പ്രതിപക്ഷ നേതൃസ്ഥാനവും രാജിവെക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. അഴിമതി ആരോപണത്തിന് വിധേയനായ സാഹചര്യത്തിൽ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനുള്ള ധാർമികത പിണറായി വിജയനില്ലെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിണറായി വിജയൻ, മകൾ, മരുമകൻ, മുൻമന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാന സർക്കാർ കേസെടുക്കണമെന്നും നിയമപ്രകാരം നടപടിയുണ്ടായില്ലെങ്കിൽ ബി.ജെ.പി പ്രക്ഷോഭത്തിനിറങ്ങുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി. ഇതോടെ ഇ.ഡി കത്ത് സർക്കാരിന് മുന്നിൽ നിയമപരമായതിനൊപ്പം ശക്തമായ രാഷ്ട്രീയ സമ്മർദവും സൃഷ്ടിക്കുന്ന വിഷയമായി മാറുകയാണ്.

The post പിണറായിക്കെതിരെ കേസെടുത്താൽ പണി, ഇല്ലെങ്കിലും പണി, സർക്കാറിന് മുന്നിൽ ഇരുതലമൂർച്ചയുള്ള വാൾ..! appeared first on Express Kerala.

Spread the love