വാഗമണ്ണിന് സമീപം കടുവ ഇറങ്ങിയതായി സംശയം, പശുവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു . കടുവയുടേതിന് സമാനമായ കാൽപ്പാടുകളും കണ്ടെത്തി. പരിശോധന നടത്തി വനംവകുപ്പ്. പ്രദേശവാസികൾ കടുത്ത ആശങ്കയിൽ

കോട്ടയം: തീക്കോയി പഞ്ചായത്ത് ഏഴാം വാർഡിൽ വാഗമണ്ണിന് സമീപം കടുവ ഇറങ്ങിയതായി ആശങ്ക. പ്രദേശവാസിയുടെ പശുവിനെ അജ്ഞാത ജീവി കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി.
പശുവിന്റെ പിൻഭാഗം തിന്ന നിലയിലാണ്. സംഭവസ്ഥലത്തുനിന്ന് കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്.
വിവരമറിയിച്ചതിനെ തുടർന്ന് മുണ്ടക്കയം വണ്ടൻപതാൽ ഫോറസ്റ്റ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
എന്നാൽ ആക്രമണം നടത്തിയത് കടുവയാണെന്ന് പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കാൽപാടുകളിൽ വ്യക്തത ലഭിക്കാത്തതിനാൽ പ്രദേശത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമേ ജീവിയെ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് വനംവകുപ്പ് അറിയിച്ചു.
വലിയ അളവിൽ റവന്യൂ ഭൂമിയുള്ള ഈ പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ജനവാസ മേഖലയോട് ചേർന്ന ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
പ്രദേശത്ത് വനംവകുപ്പിന്റെ പട്രോളിങ് ശക്തമാക്കണമെന്നും കടുവയെ പിടികൂടാൻ ഉടൻ കൂട് സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

