‘സംരക്ഷണം തേടിയവർ ഒടുവിൽ കൊല്ലപ്പെടുന്നു’; തിരുവൊട്ടിയൂരിലെ കൊലപാതകത്തിൽ മുഖ്യമന്ത്രി വിജയിയെ വിമർശിച്ച് ഉദയനിധി സ്റ്റാലിൻ | Udhayanidhi Stalin criticize CM Vijay


ചെന്നൈയിലെ തിരുവൊട്ടിയൂരിൽ യുവാവ് വെട്ടേറ്റുമരിച്ച സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുൻപ് 26കാരനായ പ്രദീപ് രാജ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നുവെന്നും, പൊലീസ് ഇൻസ്പെക്ടർക്കെതിരെ ഭീഷണി ആരോപിച്ച് വീഡിയോ പുറത്തുവിട്ടിരുന്നുവെന്നും ഉദയനിധി ചൂണ്ടിക്കാട്ടി (Udhayanidhi Stalin criticize CM Vijay). പ്രദീപ് രാജിനെ അജ്ഞാത സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവൊട്ടിയൂർ പൊലീസ് സ്റ്റേഷനിലാണ് കൊലപാതകവുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൊലപാതകത്തിന് തൊട്ടുമുൻപ് പുറത്തുവിട്ട വീഡിയോയിൽ തിരുവൊട്ടിയൂർ പൊലീസ് ഇൻസ്പെക്ടർ തന്നെ ഭീഷണിപ്പെടുത്തിയതായി പ്രദീപ് ആരോപിച്ചിരുന്നുവെന്ന് ഉദയനിധി പറഞ്ഞു. “നീ ജീവനോടെ ഉണ്ടാകില്ലെന്നും വ്യാജക്കേസിൽ കുടുക്കി ജയിലിലാക്കുമെന്നും” ഇൻസ്പെക്ടർ പറഞ്ഞതായി പ്രദീപ് ആരോപിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയോട് പരാതി പറഞ്ഞാലും തന്നെ ആരും ഒന്നും ചെയ്യില്ലെന്ന് ഇൻസ്പെക്ടർ പറഞ്ഞതായും പ്രദീപ് ആരോപിച്ചിരുന്നുവെന്നാണ് ഉദയനിധിയുടെ വാദം. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ടാണ് കുടുംബത്തിന് പ്രശ്നങ്ങൾ ഉണ്ടായതെന്ന് പ്രദീപ് വീഡിയോയിൽ പറഞ്ഞിരുന്നു. മറ്റൊരാൾക്കായി അമ്മ വായ്പ എടുത്തതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നും വിഷയത്തിൽ അധികാരികളെ സമീപിച്ചതിന് പിന്നാലെ തനിക്കെതിരെ മറുപരാതി നൽകുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതായും പ്രദീപ് ആരോപിച്ചിരുന്നു. അഭിഭാഷകനെ കൊണ്ടുവന്നതിന്റെ പേരിൽ തന്നെ മർദിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി വിജയിയെയും ഉദയനിധി സ്റ്റാലിൻ ചോദ്യം ചെയ്തു. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയെ പൊലീസ് തന്നെ ഗൗരവത്തിൽ കാണുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രി മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധതിരിക്കുകയാണെന്നും ഇപ്പോഴത്തെ കൊലപാതകത്തിൽ എന്താണ് അദ്ദേഹത്തിന്റെ മറുപടിയെന്നും ഉദയനിധി ചോദിച്ചു. സംഭവത്തിൽ പങ്കുള്ള എല്ലാവർക്കുമെതിരെ, തിരുവൊട്ടിയൂർ പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ, കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നും ഉദയനിധി ആവശ്യപ്പെട്ടു. അതേസമയം, ഡിഎംകെ എംപി കനിമൊഴി കരുണാനിധിയും സംഭവത്തിൽ വിജയിയെ വിമർശിച്ചു. ചെന്നൈയിൽ കൊലപാതകങ്ങളും കവർച്ചകളും തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആശങ്കയുണ്ടെന്നും അവർ എക്സിൽ കുറിച്ചു.
Summary: Tamil Nadu Opposition Leader Udhayanidhi Stalin has criticised Chief Minister Vijay over the murder of 26-year-old Pradeep Raj in Tiruvottiyur, Chennai. Stalin said the victim had sought police protection and alleged threats from a police inspector shortly before he was killed. Chennai Police have arrested four people, including a history-sheeter, in connection with the case.

