അഴിമതി ആരോപണങ്ങൾക്കിടെ ലോകാരോഗ്യ സംഘടനയുടെ ദക്ഷിണുകിഴക്കൻ ഏഷ്യൻ മേധാവി സ്ഥാനം രാജിവെച്ച് ഷെയ്ഖ് ഹസീനയുടെ മകൾ സൈമ വാസെദ് | Saima Wazed resignation


അഴിമതി, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങൾക്കിടെ ലോകാരോഗ്യ സംഘടനയുടെ ദക്ഷിണുകിഴക്കൻ ഏഷ്യൻ മേഖലാ ഡയറക്ടർ സ്ഥാനത്ത് നിന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൾ സൈമ വാസെദ് രാജിവെച്ചു. ബുധനാഴ്ച സമർപ്പിച്ച രാജിക്കത്ത് പ്രകാരം, രാജി ഉടൻ പ്രാബല്യത്തിൽ വരും. 2024ലാണ് അഞ്ച് വർഷത്തെ കാലാവധിയിൽ സൈമ വാസെദ് ലോകാരോഗ്യ സംഘടനയുടെ ദക്ഷിണുകിഴക്കൻ ഏഷ്യൻ മേഖലാ ഡയറക്ടറായി ചുമതലയേറ്റത്. (Saima Wazed resignation)
2025 ജൂലൈയിൽ സൈമയെ ലോകാരോഗ്യ സംഘടന ശമ്പളമില്ലാത്ത ഭരണപരമായ അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹസീനയെ പുറത്താക്കിയതിന് പിന്നാലെ അധികാരത്തിലെത്തിയ ഇടക്കാല സർക്കാരിന് കീഴിലുള്ള ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മിഷൻ 2025 മാർച്ചിൽ സൈമയ്ക്കെതിരെ തട്ടിപ്പും വ്യാജരേഖ ചമച്ചതും ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന നടപടിയെടുത്തത്. ചൈനയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും അക്കാദമിക് യോഗ്യതകളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്നും ലോകാരോഗ്യ സംഘടന ആരോപിച്ചതായി സൈമയുടെ അഭിഭാഷകർ 2026 ജൂലൈയിൽ നൽകിയ കത്തിൽ പറഞ്ഞിരുന്നു. ആരോപണങ്ങൾ സൈമ നിഷേധിച്ചിട്ടുണ്ട്. യാത്രാ ചെലവുമായി ബന്ധപ്പെട്ട പ്രശ്നം ഒരു സഹായി നടത്തിയ ഭരണപരമായ പിഴവാണെന്നും ഏകദേശം 901 ഡോളറിന്റെ തുകയുമായി ബന്ധപ്പെട്ടതാണെന്നും അവർ വിശദീകരിച്ചു.
ബംഗ്ലാദേശിൽ ഒരു ഭൂമിയുടെ ഭാഗം അനധികൃതമായി സ്വന്തമാക്കിയെന്ന ആരോപണവും ലോകാരോഗ്യ സംഘടന ഉന്നയിച്ചതായി സൈമയുടെ രാജിക്കത്തിൽ പറയുന്നു. എന്നാൽ ലോകാരോഗ്യ സംഘടനയിൽ ചേരുന്നതിന് മുമ്പാണ് ഭൂമി സ്വന്തമാക്കിയതെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യനായകൻ ഷെയ്ഖ് മുജിബുർ റഹ്മാന്റെ കുടുംബാംഗങ്ങൾക്ക് ബാധകമായിരുന്ന നിയമപ്രകാരം തനിക്ക് അതിന് അവകാശമുണ്ടായിരുന്നുവെന്നും സൈമ വ്യക്തമാക്കി. ഏറെക്കാലമായി ശമ്പളമില്ലാതെ തുടരേണ്ടിവന്നതും ലോകാരോഗ്യ സംഘടനയുടെ നടപടികൾ കാരണം ചുമതലകൾ ഫലപ്രദമായി നിർവഹിക്കാൻ കഴിയാത്തതുമാണ് രാജിയിലേക്ക് നയിച്ചതെന്ന് സൈമ പറഞ്ഞു. “ ലോകാരോഗ്യ സംഘടന നേതൃത്വത്തിലുള്ള വിശ്വാസവും ആത്മവിശ്വാസവും നഷ്ടപ്പെട്ടു” എന്നും രാജിക്കത്തിൽ അവർ വ്യക്തമാക്കി. സാമ്പത്തിക സാഹചര്യം കൂടി അസഹനീയമായതോടെയാണ് സ്ഥാനമൊഴിയാനുള്ള തീരുമാനമെടുത്തതെന്നും അവർ പറഞ്ഞു.
സൈമയുടെ സ്ഥാനത്തേക്ക് പുതിയ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ലോകാരോഗ്യ സംഘടന ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 12ന് സ്ഥാനത്തേക്കുള്ള നാമനിർദേശങ്ങൾ ക്ഷണിക്കുകയും ഡിസംബറിൽ അപേക്ഷകൾ പരിശോധിക്കുകയും 2027 ജനുവരി 24ന് തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യാനാണ് പദ്ധതിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഷെയ്ഖ് ഹസീനയുടെ 2024ലെ പുറത്താക്കലിന് പിന്നാലെ അവരുടെ കുടുംബാംഗങ്ങളിലേക്കും രാഷ്ട്രീയ അനുയായികളിലേക്കും നിയമനടപടികൾ വ്യാപിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമായാണ് സൈമ വാസെദിന്റെ രാജി വിലയിരുത്തപ്പെടുന്നത്. ഹസീനയുടെ നിരവധി അനുയായികൾക്കെതിരെ ബംഗ്ലാദേശിൽ അഴിമതി ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ട്.
Summary: Saima Wazed, daughter of former Bangladesh Prime Minister Sheikh Hasina, has resigned as the WHO’s Southeast Asia regional director amid fraud and other allegations. Wazed, who was placed on unpaid administrative leave in 2025, has denied the allegations and said she lost confidence in the WHO leadership.

