പടിയൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം ; നെൽകൃഷി നശിപ്പിച്ചു
ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ പോത്താനി പാടശേഖരത്തിൽ കാട്ടുപന്നികൾ നെൽകൃഷി നശിപ്പിച്ചു. കുഞ്ഞിക്കാട്ടിൽ മണി, കാരയിൽ സലീഷ്, തെക്കോട്ടു വലൂപറമ്പിൽ സുബ്രഹ്മണ്യൻ എന്നിവരുടെ പാടങ്ങളിലാണ് കഴിഞ്ഞ ദിവസം കാട്ടുപന്നികൾ കയറി കൃഷി കുത്തിയിളക്കി നശിപ്പിച്ചത്. നെൽനടീൽ കഴിഞ്ഞ് ദിവസങ്ങൾ മാത്രമായപ്പോഴാണ് കൃഷിനാശം സംഭവിച്ചതെന്ന് കർഷകർ പറഞ്ഞു.പ്രദേശത്ത് കാട്ടുപന്നി ശല്യം ആവർത്തിക്കുന്നത് കർഷകരെ ആശങ്കയിലാക്കുകയാണ്. പാടശേഖരത്തോട് ചേർന്നുള്ള രണ്ട് പറമ്പുകൾ കാടുപിടിച്ചു കിടക്കുന്നതാണ് കാട്ടുപന്നികളുടെ പ്രധാന താവളമെന്ന് പ്രദേശവാസികൾ പറയുന്നു.കാട്ടുപന്നികൾ നെൽകൃഷി മാത്രമല്ല വയൽവരമ്പുകളും നശിപ്പിക്കുന്നുണ്ട്. ഇതുമൂലം കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നെൽകൃഷി സംരക്ഷിക്കുന്നതിനും കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.





